സുരക്ഷയുടെ കാര്യത്തിൽ മുമ്പൻ ആര്?; ഹെൽമറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 സുരക്ഷയുടെ കാര്യത്തിൽ മുമ്പൻ ആര്?; ഹെൽമറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രകളിൽ എപ്പോഴും സുരക്ഷ കുറഞ്ഞ വാഹനങ്ങളാണ് ഇരുചക്ര വാഹനങ്ങൾ. ഈ യാത്രകളില്‍ ഹെൽമെറ്റുകൂടിയില്ലെങ്കിലോ? ഹെല്‍മറ്റ് അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ഹെല്‍മറ്റ് വാങ്ങുമ്പോള്‍ ഡിസൈന്‍ മാത്രം നോക്കി വാങ്ങരുത്. അതി​ന് ഗുണനിലവാരമുണ്ടോ, തലയിൽ പാകമാവുന്നതാണോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ​ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ നമ്മുടെ ജീവൻ അപകടത്തിലാക്കും.

സുരക്ഷയുടെ കാര്യത്തില്‍ അല്‍പം മുന്നിലുള്ളവയാണ് ഫുള്‍ഫെയ്സ് ഹെല്‍മറ്റുകള്‍. തലക്കു മാത്രമല്ല മുഖത്തിനും താടിയെല്ലിനുമെല്ലാം ഇവ ധരിക്കുമ്പോള്‍ അധിക സംരക്ഷണം ലഭിക്കുന്നു. ഇത് അപകട സമയത്ത് മൂക്ക്, പല്ല്, താടിയെല്ല് എന്നിങ്ങനെ മുഖത്ത് പരിക്കിന്റെ ആഘാതം കുറക്കാന്‍ സഹായിക്കും.
നാഷനല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍എച്ച്ടിഎസ്എ) അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളും ഈ അധിക സുരക്ഷക്ക് അടിവരയിടുന്നുണ്ട്. ഓപണ്‍ ഫെ‌യ്സ് ഹെല്‍മറ്റുകളെ അപേക്ഷിച്ച് ഫുള്‍ ഫെ‌യ്സ് ഹെല്‍മറ്റ് ധരിക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ പരിക്കുകളാണ് സംഭവിക്കാറെന്നാണ് പഠനം പറയുന്നത്. ഇരുചക്രവാഹനങ്ങളിലെ അപകട മരണസാധ്യത 37 ശതമാനം ഫുള്‍ ഫെ‌യ്സ് ഹെല്‍മറ്റ് കുറക്കുമെന്നും എന്‍എച്ച്ടിഎസ്എ പഠനം പറയുന്നുണ്ട്.

കാറ്റും വെളിച്ചവും കൂടുതല്‍ കിട്ടുമെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ പിന്നിലാണ് ഓപണ്‍ ഫെയ്സ് ഹെല്‍മറ്റ്. തലയുടെ മുകള്‍ഭാഗം പൂര്‍ണമായും സംരക്ഷിക്കുമെങ്കിലും മുഖവും താടി ഭാഗവുമെല്ലാം ഓപണ്‍ ഫെയ്സ് ഹെല്‍മറ്റ് സംരക്ഷിക്കുന്നില്ല. ധരിക്കുമ്പോള്‍ കൂടുതല്‍ ആശ്വാസം ലഭിക്കുമെങ്കിലും സുരക്ഷയില്‍ അത്ര ആശ്വാസകമായ പ്രകടനമല്ല ഓപണ്‍ ഫെയ്സ് ഹെല്‍മറ്റിന്റേത്.

ഹെല്‍മറ്റുകളുടെ ഡിസൈന്‍ മാത്രമല്ല നിര്‍മാണത്തിലെ ഗുണനിലവാരവും ഉപയോഗിക്കുന്നവരുടെ തലയില്‍ എത്രത്തോളം പാകമാവുന്നുവെന്നതും പ്രധാനമാണ്. കൃത്യമായ അളവിലും മികച്ച നിലവാരത്തിലുമുള്ള ഹെല്‍മറ്റ് നിങ്ങളുടെ തലയെ ഗുരുതരമായ പരിക്കുകളില്‍ നിന്നു കൂടിയാണ് രക്ഷിക്കുക. ഓപണ്‍ ഫെയ്സ് ഹെല്‍മറ്റായാലും ഫുള്‍ ഫെയ്സ് ഹെല്‍മറ്റായാലും നിര്‍മാണത്തിലെ ഗുണനിലവാരവും കൃത്യമായ അളവും വളരെ പ്രധാനമാണ്.

നിലവാരമില്ലാത്ത ഹെൽമെറ്റുകൾ വച്ച് വാഹനമോടിക്കുന്നതുകൊണ്ട് അപകടം ഒഴിവാക്കാനാവില്ല. അതുകൊണ്ട് അത്തരം ​ഹെൽമെറ്റുകൾ ഉണ്ടാക്കുന്നവർക്കും വിൽക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. ബിഐഎസ്, ഐഎസ്‌ഐ മുദ്രകൾ ഇല്ലാത്ത ഹെൽമെറ്റുകൾ ധരിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *