സ്വന്തമായി ഫ്ലാറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാം; പലപ്പോഴായി യുവതിയിൽ നിന്നും തട്ടിയെടുത്തത് 105 പവനും 8 ലക്ഷം രൂപയും; പ്രതിയെ പിടികൂടി പോലീസ്
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾ പിടിയിൽ. പുല്ലുവിള സ്വദേശിയും കോട്ടയം കുമാരനെല്ലൂർ ഡിസൽ ഹോംസ് ഡിഡി മജിസ്റ്റികിൽ വാടകയ്ക്ക് താമസിക്കുന്ന ആൻഡ്രൂസ് സ്‌പെൻസർ (40) ആണ് അറസ്റ്റിലായത്. തിരുമല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. 105 പവനും 8 ലക്ഷം രൂപയും ആണ് ഇയാൾ തട്ടിയെടുത്തത്.
വിവാഹമോചനം നേടിയ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. സ്വന്തമായി ഫ്ലാറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ഇയാൾ, പലപ്പോഴായി പരാതിക്കാരിയുടെ 105 പവൻ സ്വർണവും എട്ടുലക്ഷം രൂപയും കൈക്കലാക്കി. അന്വേഷണത്തിൽ പ്രതിക്ക് ഭാര്യയും കുട്ടിയുമുള്ളതായി പൊലീസ് കണ്ടെത്തി. പ്രതി ഇത്തരത്തിൽ പല യുവതികളിൽ നിന്നായി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തിട്ടുള്ളതായും വ്യക്തമായിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്ത സമയത്ത് ആറുലക്ഷം തട്ടിയെടുത്ത കേസിലും പ്രതിയാണ്.
കന്റോൺമെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പൂജപ്പുര പൊലീസ് ഇൻസ്‌പെക്ടർ ഷാജിമോൻ.പി, സബ് ഇൻസ്‌പെക്ടർമാരായ അഭിജിത്ത്, സുധീഷ്, സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അനുരാഗ്, ഉദയൻ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.