ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട് വനത്തിനുള്ളിൽ കുടുങ്ങി; അമ്മയെയും 3 കുട്ടികളെയും രക്ഷപ്പെടുത്തി വനംവകുപ്പ്

 ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട് വനത്തിനുള്ളിൽ കുടുങ്ങി; അമ്മയെയും 3 കുട്ടികളെയും രക്ഷപ്പെടുത്തി വനംവകുപ്പ്

മേപ്പാടി: മുണ്ടക്കൈയ്യിലുണ്ടായ ഉരുൾപൊട്ടലിൽ നിന്ന് വനത്തിലേക്ക് രക്ഷപ്പെട്ടോടിയ കുട്ടികളെ വനംവകുപ്പ് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. കാട്ടിൽ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ഇവരെ വനംവകുപ്പിന്‍റെ കാംപ് ഷഡ്ഡിലേക്ക് മാറ്റി. വനത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഇവരുടെ അമ്മയെ ഉദ്യോഗസ്ഥർ ആദ്യം കണ്ടെത്തുകയും പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടികളെയും കൂടി കണ്ടെത്തുകയും ചെയ്തു.

കല്പറ്റ റേഞ്ച് ഓഫീസർ ആഷിഖിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണവും വെള്ളവും കിട്ടാതെ അട്ടമലയിൽ കാട്ടിൽ കുടുങ്ങിക്കിടന്ന കുട്ടികൾ അടക്കമുള്ള കുടുംബത്തെ അതിസാഹസികമായി രക്ഷിച്ചത്. ആദിവാസിയായ കൃഷ്ണന്‍ എന്നയാളുടെ നാലു കുട്ടികളെയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറപ്പൊത്തില്‍ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവരിൽ മൂന്നു കുട്ടികൾ ഇപ്പോൾ വനംവകുപ്പിന്‍റെ കാംപ് ഷഡ്ഡിലാണുള്ളത്.

കുട്ടികളുടെ അമ്മയെ വനത്തിൽ കണ്ടതോടെയാണ് കുടംബം വനത്തിൽ ഒറ്റപ്പെട്ട കാര്യം അറിയുന്നതെന്ന് കല്പറ്റ റേഞ്ച് ഓഫീസർ ആഷിഖ് പറഞ്ഞു. അമ്മയിൽനിന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മറ്റു കുട്ടികളെ വെള്ളച്ചാട്ടത്തിന് പരിസരത്ത് പാറപ്പൊത്തിൽ കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചുനിന്ന കുട്ടികളെ ഉദ്യോഗസ്ഥര്‍ നെഞ്ചോടുചേര്‍ത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

രാവിലെ പത്ത് മണിയോടുകൂടി ഏറാട്ടുകുണ്ട് കോളനിയിലേക്ക് പോകുകയായിരുന്നു തങ്ങളുടെ സംഘമെന്ന് കൽപറ്റ റേഞ്ച് ഓഫീസർ പറഞ്ഞു. ‘ആ സമയം കാട്ടില്‍ വെച്ച് അമ്മയേയും ഒരുകുട്ടിയെയും ഒറ്റപ്പെട്ട നിലയിൽ കണ്ടു. ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു ഇവർ. തത്കാലം ഞങ്ങളുടെ കയ്യിലുണ്ടായ ഭക്ഷണം കൊടുത്തു. അട്ടമല ഭാഗത്തെ എസ്‌റ്റേറ്റില്‍ താമസിപ്പിച്ചു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പെട്ടുപോയ കുട്ടികളെ തേടി സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്ക് പോയത്’.

Leave a Reply

Your email address will not be published. Required fields are marked *