വിഴിഞ്ഞത്ത് വള്ളത്തിൽ കുടുങ്ങിയർ സുരക്ഷിതർ; മത്സ്യത്തൊഴിലാളികളെ മറൈൻ ആംബുലൻസെത്തി രക്ഷപ്പെടുത്തി
വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയവർ സുരക്ഷിതർ. ഹൃദയദാസൻ, ആന്റണി (49), ലാലു (24), സേവ്യര്‍(32),ഫയാസ് (40) എന്നിവരാണ് കടലിൽ കുടുങ്ങിയത്. വള്ളത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഫിഷറീസിന്റെ മറൈൻ ആംബുലൻസെത്തിയാണ് രക്ഷപ്പെടുത്തിയത്.
മീൻപിടിത്തത്തിനിടെ തിരയടിച്ച് പൊട്ടിയ വള്ളത്തിൽ വെള്ളംകയറി കടലിൽ കുടുങ്ങുകയായിരുന്നു. വള്ളത്തിന്റെ ഉടമയും കടലിൽ കുടുങ്ങി. വള്ളം കടലിൽ തന്നെ ഉപേക്ഷിച്ചു. വിഴിഞ്ഞം തീരത്തുനിന്ന് ആറു നോട്ടിക്കൽ അകലെയായിരുന്നു അപകടം. തുടർന്ന്, തൊഴിലാളികൾ ഫിഷറീസിന്റെ കൺട്രോൾ റൂമിൽ വിളിച്ച് കാര്യം അറിയിച്ചു. ഫിഷറീസിന്റെ വിഴിഞ്ഞം അസി.ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശത്തെ തുടർന്ന് മറൈൻ എൻഫോഴ്‌സിലെ സി.പി.ഒ. അനിൽ, ലൈഫ് ഗാര്‍ഡുമാരായ യൂജീൻ, ബെനാൻഷ്യസ്, ശശി, സുരേഷ്, അനീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.