ഗുരുവായൂരമ്പല നടയില്‍’ നാല് ദിവസം കൊണ്ട് നേടിയത് 45 കോടിയിലധികം രൂപ; ‘പ്രേമലു’വിനെയും ‘മഞ്ഞുമ്മല്‍ ബോയ്സി’നെയും കടത്തിവെട്ടി

 ഗുരുവായൂരമ്പല നടയില്‍’ നാല് ദിവസം കൊണ്ട് നേടിയത് 45 കോടിയിലധികം രൂപ; ‘പ്രേമലു’വിനെയും ‘മഞ്ഞുമ്മല്‍ ബോയ്സി’നെയും കടത്തിവെട്ടി

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. താരനിരയും സംവിധായകന്റെ മുന്‍സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. വന്‍ജനപ്രീതി നേടിയ ‘ജയ ജയ ജയ ജയ ഹേ’യുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.

‘ഗുരുവായൂരമ്പല നടയില്‍’ നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ‘ഗുരുവായൂരമ്പല നടയില്‍’ 50 കോടി ക്ലബ്ബിലേക്ക് കടക്കും.

2024 മലയാള സിനിമയിലെ മറ്റ് ബ്ലോക്ക്ബസ്റ്ററുകളായ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസ കളക്ഷനെക്കാള്‍ 150 ശതമാനം കൂടുതല്‍ കളക്ഷനാണ് ‘ഗുരുവായൂരമ്പല നടയില്‍’ കരസ്ഥമാക്കിയത്. കൂടാതെ ഓവര്‍സീസ് കളക്ഷനില്‍ ‘ആടുജീവിതം’ സിനിമയേക്കാള്‍ മുന്നേറ്റവും ഈ പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം നേടിയിട്ടുണ്ട്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്ഫുള്‍ ഷോകള്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ‘ഗുരുവായൂരമ്പല നടയില്‍’. ഞായറാഴ്ച മാത്രം ചിത്രത്തിന് 720-ല്‍ ഏറെ ഹൗസ്ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇന്ത്യയിലെ കണക്കാണ് ഇത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്. കൂടാതെ ഇതുവരെ 20 ലക്ഷത്തിനധികം ആളുകള്‍ കണ്ട സിനിമ കൂടിയാണ് ‘ഗുരുവായൂരമ്പല നടയില്‍’.

അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വര്‍ഗീസ്, അരവിന്ദ് ആകാശ്, ജോയ്‌മോന്‍, അഖില്‍ കാവാലിയൂര്‍, അശ്വിന്‍ വിജയന്‍ തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി – എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.

എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ് – ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്- ടെന്‍ ജി.

Leave a Reply

Your email address will not be published. Required fields are marked *