പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം വെള്ളിത്തിരയിലേക്ക്; ഇത്തവണത്തെ നടൻ ഇദ്ദേഹമാണ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം വെള്ളിത്തിരയിലേക്കെന്ന് വിവരം. ചിത്രത്തിന്റെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2019ലും നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്‌പദമാക്കി ബോളിവുഡിൽ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. ‘പിഎം നരേന്ദ്രമോദി’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തിൽഎത്തിയത്. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേർന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്. ചിത്രം അന്ന് പ്രേക്ഷകർക്കിടയിൽ കടുത്ത വിമർശനങ്ങളുണ്ടാക്കിയിരുന്നു.
പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം സത്യരാജ് നരേന്ദ്രമോദിയുടെ വേഷത്തിലെത്തുന്നുവെന്നാണ് വിവരം. പ്രമുഖ അനലിസ്റ്റായ രമേശ് ബാലയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രമുഖ നടനായ സത്യരാജ് നരേന്ദ്രമോദിയുടെ വേഷത്തിലെത്തുന്നുവെന്നാണ് രമേശ് ബാല എക്സിൽ കുറിച്ചത്. ചിത്രം നിർമിക്കുന്നത് ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായിരിക്കുമെന്നാണ് വിവരം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
വില്ലൻ വേഷങ്ങളിലൂടെയാണ് സത്യരാജ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നായക വേഷത്തിലെത്തിയ അദ്ദേഹം മലയാളത്തിലുൾപ്പടെ തെന്നിന്ത്യയിൽ വിവിധ ഭാഷകളിലും പ്രധാന വേഷങ്ങൾ അഭിനയിച്ചു. പ്രഭാസ് നായകനായി എത്തിയ ബാഹുബലി എന്ന ചിത്രത്തിൽ താരം ചെയ്ത് കട്ടപ്പ എന്ന വേഷം ശ്രദ്ധേയമായിരുന്നു.
2007ലും സത്യരാജ് തമിഴ് സാമൂഹിക പരിഷ്‌കർത്താവും യുക്തിവാദിയുമായ പെരിയാർ ഇ വി രാമസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയിൽ അഭിനയിച്ചിരുന്നു. അന്ന് ഇ വി രാമസ്വാമിയായണ് താരം വെളളിത്തിരയിലെത്തിയത്. അതിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.ഗോകുൽ സംവിധാനം ചെയ്ത് കഴിഞ്ഞ ജനുവരിയിൽ തീയേറ്ററുകളിലെത്തിയ ‘സിംഗപ്പൂർ സലൂൺ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ മീനാക്ഷി ചൗധരി, കിഷൻ ദാസ്,ആൻ ശീതൽ, തലൈവാസൽ വിജയ്,ജോൺ വിജയ്,എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ‘വെപ്പൺ’ എന്ന ചിത്രമാണ് സത്യരാജിന്റെ പുതിയ സിനിമ. വസന്ത് രവിയും അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്തിറങ്ങിയത്.