ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ്; ജാവലിൻത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

 ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ്; ജാവലിൻത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് പുരുഷ ജാവലിൻത്രോയിൽ സൂപ്പർതാരം നീരജ് ചോപ്രയ്ക്ക് സ്വർണം. നാലാം ശ്രമത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.

82.06 മീറ്റർ ദൂരം കണ്ടെത്തിയ ഏഷ്യൻ ചാംപ്യൻഷിപ് മെഡൽ ജേതാവു കൂടിയായ ഡി.പി. മനു വെള്ളി നേടി. 78.39 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച ഉത്തം പാട്ടീലിനാണ് വെങ്കലം. ആദ്യ മൂന്നു റൗണ്ടുകളിലും മുന്നിലായിരുന്ന മനുവിനെ, നാലാം റൗണ്ടിലാണ് സ്വർണ ദൂരം കണ്ടെത്തി നീരജ് പിന്നിലാക്കിയത്.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടിൽ മത്സരിച്ച നീരജ് സ്വർണം നേടിയെങ്കിലും, ഇത്തവണയും 90 മീറ്റർ ദൂരം കീഴടക്കാനാകാത്തത് നിരാശയായി. ഒളിംപിക്സും ലോക ചാംപ്യൻഷിപ്പുമടക്കമുള്ള വിസ്‌മയ നേട്ടങ്ങളുടെ പൊൻകവചമുള്ള ജാവലിൻ കൊണ്ട് നീരജിന് ഇതുവരെ കീഴടക്കാനാകാത്ത നേട്ടമാണ് 90 മീറ്റർ. പാരിസ് ഒളിംപിക്സിനായി യൂറോപ്പിൽ കഠിന പരിശീലനം നടത്തുന്നതിനിടെയായിരുന്നു രാജ്യത്തെ മത്സരവേദിയിലേക്കുള്ള നീരജിന്റെ അപ്രതീക്ഷിത മടങ്ങിവരവ്.

അതേസമയം, ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ഒഡീഷ താരം കിഷോർകുമാർ ജനയ്ക്ക് സ്വന്തം കാണികൾക്കു മുന്നിൽ മികച്ച പ്രകടനം നടത്താനായില്ല. ജനയ്ക്ക് ഒരു തവണ പോലും 80 മീറ്റർ ദൂരം പിന്നിടാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *