നൂഡിൽസും അരി ആഹാരവും കഴിച്ചതിന് പിന്നാലെ അവശത അനുഭപ്പെട്ടു, 12 വയസുകാരൻ മരിച്ചു, കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് അംഗങ്ങൾ ആശുപത്രിയിൽ

ഉത്തർപ്രദേശ്: നൂഡിൽസ് കഴിച്ച 12 വയസുകാരൻ മരിച്ചു. കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് അംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ പിലിബിത്തിലെ പുരാൻപുര പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. രാത്രി നൂഡിൽസും അരി ആഹാരവും കഴിച്ചതിന് പിന്നാലെയാണ് ആറ് പേർക്കും അവശത അനുഭപ്പെട്ടത്.
അന്ന് രാത്രി തന്നെ ആറ് പേരും വൈദ്യ സഹായം തേടി. അടുത്ത ദിവസം അവർ വീടുകളിലേക്ക് മടങ്ങി. എന്നാൽ അന്ന് രാത്രി കൂടുതൽ അവശത നേരിട്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. അവിടെ വച്ചാണ് സ്ഥിതി വഷളായ 12 വയസുകാരൻ റോഹൻ മരിച്ചത്.
മറ്റൊരു ആൺകുട്ടി വിവേകിൻ്റെ നില അതീവ ഗുരുതരമാണെന്നും ഭക്ഷ്യ വിഷബാധയേറ്റതാണ് മരണകാരണമെന്നും പിലിബിത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ റാഷിദ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുടുംബാംഗങ്ങളാരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.