വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തണം; കര്‍ശന നടപടിയെടുക്കണം, നിര്‍ദേശവുമായി ഐഎംഎ

 വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തണം; കര്‍ശന നടപടിയെടുക്കണം, നിര്‍ദേശവുമായി ഐഎംഎ

തിരുവനന്തപുരം: വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). മെഡിക്കല്‍ കൗണ്‍സില്‍ നൈതിക ചട്ടങ്ങള്‍ പ്രകാരം ഡോക്ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ മുതലായവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നമ്പറും ഉള്‍പ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നു ഐഎംഎ അറിയിച്ചു.

ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ജോലിക്ക് നിയോഗിക്കുമ്പോള്‍ അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍,കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയും മുന്‍കാല പരിചയവും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റുകളുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. നിലവില്‍ 33 മെഡിക്കല്‍ കോളജുകളുള്ള കേരളത്തില്‍ വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കം വര്‍ഷം ഏഴായിരത്തിലധികം എംബിബിഎസ്. ബിരുദധാരികള്‍ പഠിച്ചിറങ്ങുന്നു. എന്നിട്ടും വ്യാജന്‍മാരെയും മുറി വൈദ്യന്മാരെയും വെച്ചു ചികിത്സ നടത്തുന്നത് വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ലെന്നും ഐഎംഎ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. മോഡേണ്‍ മെഡിസിന്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ചികിത്സാ ശാഖകളില്‍ നിന്നുള്ള ബിരുദധാരികളെ നിയോഗിക്കുന്നത് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകണം. വിദേശ സര്‍വകലാശാലകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ മതിയായ രജിസ്ട്രേഷന്‍ ഇല്ലാതെ പരിശീലനം നല്‍കുക, പാരാ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് ആശുപത്രികളില്‍ രോഗീ പരിചരണത്തിന് ചുമതല നല്‍കുക എന്നിവ കണ്ടെത്തി ഇതിന് കൂട്ട് നില്‍ക്കുന്നവരെ ശിക്ഷിക്കാന്‍ കൗണ്‍സിലും സര്‍ക്കാരും തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഡോക്ടര്‍മാരുടെയും കുറ്റമറ്റ പട്ടിക പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ നടപടി എടുക്കണം.മെഡിക്കല്‍ കൗണ്‍സില്‍ വെബ് സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ സാധ്യമായ സംവിധാനം നിലവില്‍ വരണം.അംഗീകൃത ബിരുദങ്ങളും രജിസ്ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *