യുവാക്കൾക്കെതിരെ കള്ളക്കേസ്; കട്ടപ്പന എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ
കട്ടപ്പന: യുവാക്കൾക്കെതിരെ കള്ളകേസെടുത്ത സംഭവത്തിൽ കട്ടപ്പന എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ. കട്ടപ്പന പ്രിൻസിപ്പൽ എസ്.ഐ സുനേഖ് ജെയിംസിനും സി.പി.ഒ മനു പി. ജോസിനുമെതിരെയാണ് നടപടി. വാഹന പരിശോധനക്കിടടെ യുവാക്കൾ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആരോപണം.
കസ്റ്റഡിയിലായ യുവാവിന്റെ വീട്ടുകാർ സംഭവം കള്ളക്കേസാണെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് നടപടി.
സുനേഖിനെ പൊലീസ് ജില്ല ആസ്ഥാനത്തേക്കും മനുവിനെ എ.ആർ ക്യാമ്പിലേക്കും മുമ്പ് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയിരുന്നു.
യുവാക്കളെ പൊലീസ് മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കട്ടപ്പന സ്റ്റേഷനിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന.
ഏപ്രിൽ 25ന് ഇരട്ടയാറിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ മനു പി. ജോസിനെ പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളും ഒപ്പമുണ്ടായിരുന്ന പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫ് (18) എന്ന യുവാവും ചേർന്ന് വാഹനമിടിപ്പിച്ചെന്നായിരുന്നു കേസ്. ബൈക്കിടിച്ച സമയത്ത് ആസിഫ് സ്ഥലത്തില്ലായിരുന്നെന്നും സംഭവത്തിനുശേഷം സുഹൃത്തുക്കളെ അന്വേഷിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും യുവാവിന്റെ വീട്ടുകാർ പറഞ്ഞു.