ഫാഫയുടെ പിറന്നാൾ ലജൻസിനൊപ്പം; രജിനിക്കും ബച്ചനും ഒപ്പമുള്ള ചിത്രം വൈറൽ
മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകളുമായി നിരവധി ആരാധകർ രംഗത്തെത്തി.വ്യത്യസ്ത കഥാപ്രത്രങ്ങളിലൂടെ നമ്മളെ ഞെട്ടിപ്പിക്കുന്ന ഫാഫക്ക് ടീം ‘വേട്ടയൻ’ കൊടുത്ത ആശംസയാണ് ഏറെ ശ്രദ്ധ നേടുന്നത്. ലജൻസായ രജിനിക്കും ബച്ചനും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്.
ഫഹദിന്റെ ഇരുവശ്തുമായി സൂപ്പർതാരം രജിനികാന്തും ബിഗ് ബി അമിതാഭ് ബച്ചനും നിൽക്കുന്നതാണ് ഫോട്ടോ. വേട്ടയന്റെ സെറ്റിൽ നിന്നുള്ള ചിത്രമാണിത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ചിത്രം എന്ന നിലയിലാണ് വേട്ടയൻ ചർച്ചയായത്. രജനികാന്തിന്റെ 170-ാമത്തെ ചിത്രം കൂടിയായ ‘വേട്ടയൻ’ ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് ചിത്രം നിർമ്മിക്കുന്നത്.
ഫഹദ് ഫാസിലിനെ കൂടാതെ മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.