എറണാകുളം – ബെം​ഗളുരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസിനുള്ള വണ്ടി എറണാകുളത്തെത്തി; ടിക്കറ്റ് ബുക്കിങ് പുരോ​ഗമിക്കുന്നു

 എറണാകുളം – ബെം​ഗളുരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസിനുള്ള വണ്ടി എറണാകുളത്തെത്തി; ടിക്കറ്റ് ബുക്കിങ് പുരോ​ഗമിക്കുന്നു

എറണാകുളം: ഈ മാസം 31ന് ആരംഭിക്കുന്ന എറണാകുളം – ബെം​ഗളുരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസിനുള്ള റേക്ക് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. ഒ‍ാറഞ്ച് നിറമുള്ള, 8 കേ‍ാച്ചുള്ള റേക്കാണ് ഷെ‍ാർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിൽ എത്തിച്ചത്. ചക്രങ്ങളുടെ തേയ്മാന പരിശേ‍ാധനയ്ക്കും (വീൽ ടേൺ) അറ്റകുറ്റപ്പണിക്കും ശേഷമാണ് ഷൊർണൂരിൽ നിന്നും വണ്ടി എറണാകുളത്തേക്ക് എത്തിച്ചത്.

റൂട്ടിൽ പരീക്ഷണ ഒ‍ാട്ടമുണ്ടാകില്ല എന്നാണ് റയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. ക്രിസ്മസ് – ന്യൂഇയർ സമയത്ത് കേ‍ാട്ടയം – ബെംഗളൂരു വന്ദേഭാരത് താൽക്കാലിക സർവീസ് നടത്തിയിട്ടുള്ളതിനാലാണ് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വേണ്ടെന്ന് വച്ചത്. 31ന് ഉച്ചയ്ക്ക് 12.50ന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ട്രെയിൻ അടുത്ത മാസം 25 വരെ ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ബെംഗളൂരുവിലേക്കും വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ എറണാകുളത്തേക്കും സർവീസ് നടത്തും. ഇടദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തും. യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ട്രെയിൻ സ്ഥിരമാക്കാനാണു സാധ്യത.

ട്രെയിൻ പ്രഖ്യാപിച്ച് രണ്ടുദിവസത്തിനകം വലിയതേ‍ാതിലാണു ടിക്കറ്റ് ബുക്കിങ്. തൃശൂർ, പാലക്കാട്, പേ‍ാത്തനൂർ, തിരുപ്പൂർ, ഈറേ‍ാഡ്, സേലം, എന്നിവിടങ്ങളിലാണു സ്റ്റേ‍ാപ്പ്. സേലത്തുനിന്നു ധർമപുരി റൂട്ടിനു പകരം ജേ‍ാലാർപേട്ട് വഴിയാണു പേ‍ാകുന്നത്. ധർമപുരി സിംഗിൾ പാതയിലെ വേഗനിയന്ത്രണമാണു കാരണം. ജേ‍ാലാർപേട്ട് പാതയിൽ 120 കിലേ‍ാമീറ്റർ വേഗം ലഭിക്കും. വാളയാർ വനത്തിനുള്ളിലൂടെയുള്ള എ, ബി എന്നീ ഒറ്റ ഇരട്ടലൈനിൽ (ട്വിൻ സിംഗിൾലൈൻ) ബെംഗളൂരുവിലേക്കു ബി ട്രാക്കിലൂടെയും മടക്കത്തിൽ എ ലൈനിലൂടെയും ട്രെയിൻ കടത്തിവിടും. വന്യമൃഗങ്ങൾ അപകടത്തിൽപെടാതിരിക്കാൻ ഇവിടെ വേഗ നിയന്ത്രണം നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *