ദീപാവലിയ്ക്ക് മുമ്പ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡിഎ വർധന ഉണ്ടായേക്കും
ഡിയർനസ് അലവൻസ് (ഡിഎ) വർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആണ് ഡിഎ. അത് 3% വർധിപ്പിച്ച് 53% ആയി ഉയരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ എടുക്കുമെന്നും അതിനുശേഷം വൈകാതെ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
2024 ജൂലായ് മാസത്തേക്കുള്ള ഡിഎ വർധിപ്പിച്ചുള്ള തീരുമാനം വരുന്നതോടെ ജീവനക്കാർക്ക് ജൂലൈ മുതലുള്ള കുടിശ്ശികയും ലഭിക്കും. ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതുവഴി ഗുണം ലഭിക്കുക. വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 4% വർധിപ്പിച്ചിരുന്നു. ഇതോടെയാണ് ഡിഎ 50% ആയി ഉയർന്നത്.
എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സാധാരണയായി 10 വർഷത്തിൽ ഒരിക്കലാണ് പുതിയ ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത്. 2014ൽ ചർച്ച ആരംഭിച്ച ഏഴാം ശമ്പള കമ്മീഷൻ 2016ൽ നിലവിൽ വന്നിരുന്നു. ഇതനുസരിച്ച് 2026ൽ നിലവിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകൾ ഈ വർഷം തന്നെ ആരംഭിക്കണം.