ചക്ക കഴിച്ചാൽ കാഴ്ച ശക്തി കൂടും; എല്ലുകൾക്കും ഗുണം; അറിയാം ചക്കയുടെ ആരോഗ്യ ഗുണങ്ങൾ
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. നാട് വിട്ട് മാറി നിൽക്കുന്ന ഏതു മലയാളിയും ഏത് രാജ്യത്ത് ആണെങ്കിലും ചക്ക കിട്ടിയാൽ വെറുതെയിരിക്കില്ല. തൊടിയിലും പറമ്പിലും വെറുതെ വീണു പോകുന്ന ചക്ക ചില്ലുകൂട്ടിൽ എത്തുമ്പോൾ വിലയും അതുപോലെ തന്നെ കൂടും. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഇന്ന് ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.
ചക്കയിൽ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ ചക്കയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് കണ്ണിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഇന്ന് അധികപേരും കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണ്. അതിനുപുറമെയാണ് ടെലിവിഷൻ, മൊബൈലുകൾ എന്നിവയുടെ ഉപയോഗം. ഇവയെല്ലാം തന്നെ കണ്ണുകളെ ബാധിക്കുന്നവയാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ചക്ക കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ എയാൽ സമ്പന്നമാണ്.
വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ചക്ക ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് റെറ്റിനയുടെ ഡീജനറേഷൻ തടയുകയും കണ്ണുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. കണ്ണിന്റെ ആരോഗ്യത്തിനു പുറമേ മറ്റു ആരോഗ്യ ഗുണങ്ങളും ചക്ക നൽകുന്നുണ്ട്.
തൈറോയ്ഡ് ഹോർമോണിന് നല്ലതാണ്: ഹൈപ്പോതൈറോയിഡിസമോ ഹൈപ്പർതൈറോയിഡിസമോ ഉള്ളവർ ചക്ക നിർബന്ധമായും കഴിക്കുക. തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന ചെമ്പിന്റെ അംശമാണ് ഇതിന് കാരണം.
അസ്ഥികളെ ശക്തിപ്പെടുത്തുന്നു: കാൽസ്യം മാത്രമല്ല, ചക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ഗുണം ചെയ്യും. വൃക്കകളിലൂടെ കാൽസ്യം നഷ്ടപ്പെടുന്നത് തടയാൻ പൊട്ടാസ്യത്തിന് കഴിയും. അതിലൂടെ മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കും.