‘കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവും’; 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുല്‍ഖറും, 25 ലക്ഷം നല്‍കി ഫഹദ് ഫാസില്‍

 ‘കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവും’; 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുല്‍ഖറും, 25 ലക്ഷം നല്‍കി ഫഹദ് ഫാസില്‍

കേരളം ഇതുവരെ കാണാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി മമ്മൂട്ടി 20 ലക്ഷവും ദുൽഖർ 15 ലക്ഷവും നൽകി. 35 ലക്ഷം രൂപ ഇവര്‍ മന്ത്രി പി രാജീവിന് കൈമാറുകയായിരുന്നു. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്‍റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫഹദ് ഫാസില്‍ 25 ലക്ഷം രൂപ നല്‍കി. നസ്രിയയുടെയും ഫഹദിന്റെയും ഉടമസ്ഥതയിലുള്ള ഫഹദ് ഫാസില്‍ ഏന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മാണ കമ്പനി വഴിയാണ് ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്.

എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്‍ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ഇന്ന് വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. ഇവിടെവച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്‍റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്.

കടവന്ത്ര സ്പോര്‍ട്സ് സെന്‍ററില്‍ ശേഖരിച്ച വസ്തുക്കള്‍ കയറ്റിയ മൂന്ന് ലോറികളും ഒപ്പം പ്രോഗ്രസീവ് ടെക്കീസ് എന്ന ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ സംഘടന സമാഹരിച്ച ഒരു ലോഡുമാണ് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

അതേസമയം തമിഴ് സൂപ്പർതാരം വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി മുന്നോട്ട് വന്നിരുന്നു. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദന അറിയിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്യുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *