കെഡാവർ ഡോഗുകളെ പരിശീലിപ്പിക്കുന്നത് മൃതശരീരഭാഗങ്ങൾ നൽകി; മദ്യം കുടിച്ച് ആൽക്കഹോൾ ഡോഗുകളും പരുവപ്പെടും; അറിയാം കേരള പോലീസിന്റെ പരിശീലന രീതികൾ

 കെഡാവർ ഡോഗുകളെ പരിശീലിപ്പിക്കുന്നത് മൃതശരീരഭാഗങ്ങൾ നൽകി; മദ്യം കുടിച്ച് ആൽക്കഹോൾ ഡോഗുകളും പരുവപ്പെടും; അറിയാം കേരള പോലീസിന്റെ പരിശീലന രീതികൾ

വയനാട് ദുരന്ത ഭൂമിയിൽ ജീവൻറെ അനക്കവും ചെളിയിൽ പൂണ്ടുപൂണ്ടുപോയ മൃതദേഹങ്ങളും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കൊപ്പം നായ്ക്കളും എത്തിയിരുന്നു. കേരള പോലീസിന്റെയും ഇന്ത്യൻ സൈന്യത്തിന്റെയും കർണാടക -തമിഴ്നാട് പോലീസ് സേനയുടെയും പ്രത്യേക പരിശീലനം ലഭിച്ച നായകൾ ദുരന്തമേഖലയിൽ എത്തി. കേരളാ പൊലീസിന്റെ ബെൽജിയൻ മലിന്വ ജനുസ്സിൽപ്പെട്ട മായ, മര്‍ഫി, ഏയ്ഞ്ചല്‍, ഇന്ത്യൻ സൈന്യത്തിന്റെ ജാക്കി, ഡിക്സി, സാറ എന്നീ കഡാവർ നായകൾ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ദൗത്യത്തിൽ മികച്ച സേവനമാണ് നടത്തിയത് എന്ന് പറയാതെ വയ്യ. എന്നാൽ, ഈ ട്രേഡിലുള്ള ഡോഗുകൾ മാത്രമല്ല ബോംബ് കണ്ടുപിടിക്കാൻ ശേഷിയുള്ള ബോംബ് ഡിറ്റക്ഷൻ ഡോഗ് സ്ക്വാഡ്, അനധികൃത മദ്യം മണത്തറിയാൻ ശേഷിയുള്ള ആൽക്കഹോൾ ഡോഗ്സ് തുടങ്ങി നിരവധി ട്രേഡിലുള്ള ഡോഗുകളും കേരള ശ്വാനസേനയിലുണ്ട്.

കെഡാവർ ഡോഗുകളെ പരിശീലിപ്പിക്കുന്നത് മൃതശരീര ഭാഗങ്ങൾ നൽകിയാണ്. അതേസമയം ആൽക്കഹോൾ ഡോഗുകൾക്ക് മദ്യം നൽകുന്നു. ബോംബ് ഡിറ്റക്ഷൻ ഡോഗുകൾക്ക് ആവട്ടെ എക്സ്ക്ലൂസീവ് മെറ്റീരിയലുകൾ നൽകിയും കേരള പോലീസ് പരിശീലിപ്പിക്കുന്നു.മനുഷ്യരേക്കാൾ ഒരു ലക്ഷം മുതൽ 10 ദശലക്ഷം വരെ മടങ്ങ് കൂടുതലായി ഗന്ധങ്ങൾ വേർതിരിച്ചറിയാൻ ജനുസ്സുകൾക്കനുസരിച്ച് നായ്ക്കൾക്കാവും.

നായ്ക്കൾക്ക് ജനനം മുതൽ തന്നെ മണം പിടിക്കാൻ കഴിയും, ജനിച്ച് രണ്ടാഴ്ചയാവുന്നതോടെ ഘ്രാണഗുണം കൂടുതൽ വികസിക്കും. മനുഷ്യമസ്തിഷ്കത്തിന്റെ 5 ശതമാനം മാത്രമാണ് ഗന്ധങ്ങളെ തിരിച്ചറിയാൻ നീക്കിവച്ചിട്ടുള്ളതെങ്കിൽ ശ്വാനമസ്തിഷ്കത്തിന്റെ 33 ശതമാനം ഭാഗവും ഗന്ധങ്ങളെ വേർതിരിച്ചറിയാനായി രൂപപ്പെട്ടവയാണ്. മണ്ണിനടിയില്‍ 12 മീറ്ററോളം ആഴത്തില്‍ വരെ കുഴിച്ചിട്ടിരിക്കുന്ന വസ്തുക്കളുടെയും കാറ്റിലൂടെ 20 കിലോമീറ്റര്‍ അകലെയുള്ള വസ്തുക്കളുടെയും ഗന്ധം തിരിച്ചറിയാന്‍ നായ്ക്കള്‍ക്കു സാധിക്കും. പരിശീലനത്തിലൂടെ വെള്ളത്തിനടിയിൽനിന്നു പോലും ഗന്ധം വഴി വസ്തുക്കളെ തിരിച്ചറിയാൻ നായ്ക്കൾക്ക് കഴിയും.

മാത്രമല്ല, ഓരോ ഗന്ധവും പ്രത്യേകം വേർത്തിരിച്ചറിയാനും നായ്ക്കൾക്ക് സാധിക്കും. ഒരിക്കലറിഞ്ഞ ഒരു ഗന്ധത്തെ പിന്നീട് തോത് കുറവാണെങ്കിലും 2 പാർട്ട് പെർ ബില്യൺ എന്ന തീരെചെറിയ ഗാഢതയിൽ പോലും മനസ്സിലാക്കാൻ നായ്ക്കൾക്കാവും. പ്രത്യേക പരിശീലനം വഴി ഈ ഗുണങ്ങൾ മെച്ചപ്പെടുത്തി ദുരന്തവേളകളിലും മറ്റും ഉപയോഗപ്പെടുത്താൻ തക്ക മികച്ച ശ്വാനസേനയായി നായ്ക്കളെ മാറ്റിയെടുക്കാം.

ഒരു ഡോഗിനെ പരിശീലിപ്പിക്കുന്നതാണ് ഡോഗ് സ്ക്വാഡിനെ സംബന്ധിച്ചിടത്തോളം ആദ്യപടി. ഒരു മൃഗത്തെ നമ്മുടെ വരുതിയിലാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നായയുടെ മാസ്റ്ററായി ആദ്യം മാറണം. അതിനുവേണ്ടി നായെ ബ്രഷ് ചെയ്തും കുളിപ്പിച്ചും അവയെ ബോധ്യപ്പെടുത്തണം. നായയുമായി ആത്മബന്ധം സ്ഥാപിച്ച ശേഷമാണ് ട്രെയിനിങ്ങിന്റെ തുടക്കം.

നായ നമ്മുടെ ഇടതുവശം ചേർന്ന് നടക്കുന്നതിന് വേണ്ടി നൽകുന്ന കമാൻഡ് ആണ് ഹീൽ. നായകളെ ആദ്യം പഠിപ്പിക്കുന്ന വാക്കും ഇതായിരിക്കും. സ്വതന്ത്രമായി നടക്കാൻ ഇവയെ അനുവദിക്കില്ല.

നായയുടെ പേര് വിളിച്ച് ശീലിപ്പിക്കുകയും തുടർന്ന് സിറ്റ്, അപ്പ് എന്നിവ പഠിപ്പിക്കുന്നത് പോലെയുള്ള കാര്യങ്ങളിലേക്കും കടക്കുന്നു. ആദ്യഘട്ടത്തിൽ കൈയും വാക്കുകളും ഉപയോഗിച്ചിരുന്നിടത്ത് പിന്നീട് പരിശീലനത്തിന് കൈ ഉപയോഗിക്കാതെ കമാൻഡുകൾ നൽകാൻ തുടങ്ങുന്നു.

ഇത്തരം ഡോഗുകളിൽ ഒരു വിഭാഗമാണ് ട്രാക്കർ ഡോഗുകൾ. മോഷണം കൊലക്കേസ് എന്നിവയിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താനാണ് ഇവയെ ഉപയോഗിക്കുന്നത്. പോലീസിൽ കൂടുതലായും ഈ വിഭാഗത്തിൽ പെട്ട ഡോഗുകൾ ആണുള്ളത്.

മറ്റൊന്നാണ് ആൽക്കഹോൾ ഡോഗ്. ഇവ ചെക്ക് പോസ്റ്റ് വഴി കടത്തുന്ന അനധികൃത മദ്യം പിടികൂടുന്നു. നിലവിൽ വയനാട്ടിൽ മാത്രമേ ഈ ഡോഗുകൾ ഉള്ളൂ.

മൃതശരീര ഭാഗങ്ങൾ ഒളിപ്പിച്ചാണ് കെഡാവറിന്റെ പരിശീലനം. ശേഖരിച്ച് വയ്ക്കുന്ന മനുഷ്യ ശരീര ഭാഗങ്ങൾ അതിനു വേണ്ടി ഉപയോഗിക്കുന്നു. മൃതദേഹങ്ങളുടെ ദുർഗന്ധമാണ് ഇവർ ആളുകളെ കണ്ടെത്താൻ ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *