കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ കയ്യിട്ടുവാരി; ദിനേഷ് അടിച്ചുമാറ്റിയത് 28 ലക്ഷത്തോളം രൂപ
തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ കാട്ടിയത് വൻ ക്രമക്കേട്. പലതവണയായി വ്യാജരേഖ ചമച്ച് 28 ലക്ഷത്തോളം രൂപയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലർക്ക് ദിലീപ് ഡി. ദിനേഷ് അടിച്ചുമാറ്റിയത്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ നിന്നും 2022 മാർച്ച് മുതൽ 2023 ഡിസംബർ വരെ 27,76,241 രൂപ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കാനറാ ബാങ്കിന്റെ സി.എസ്.എസ് പോർട്ടലിൽ വ്യാജ രേഖപ്പെടുത്തലുകൾ നടത്തി പ്രിന്റ് പേയ്മെന്റ് അഡൈ്വസ് ക്രിയേറ്റ് ചെയ്തായിരുന്നു തട്ടിപ്പ്.
ഇതിനുപുറമെ 2024 ഫെബ്രുവരി 23-ന് സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ വ്യാജ ഒപ്പിട്ട് എസ്.ബി.ഐ ജഗതി ശാഖയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ അക്കൗണ്ടിൽ നിന്ന് 42,300 രൂപയും ഇയാൾ കവർന്നു. പണം ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് പരാതി നൽകിയത്.
പരാതി ലഭിച്ചതിന് പിന്നാലെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 409, 465, 468, 471, 420 ഇൻഫൊർമേഷൻ ടെക്നോളജി ആക്ടിലെ 66 (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.