‘ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുത്; നിങ്ങളെ വിലക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും’; മാനനഷ്ടക്കേസില്‍ വിക്കിപീഡിയയ്‌ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡൽഹി: അപകീർത്തികരമായ വിവരം നല്‍കിയെന്ന് ആരോപിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നല്‍കിയ മാനനഷ്ടക്കേസില്‍ വിക്കിപീഡിയയ്‌ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. വിക്കിപീഡിയയുടെ ധിക്കാരത്തെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി വിക്കിപീഡിയയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്ന കടുത്ത പരാമർശങ്ങൾ ആണ് കോടതി നടത്തിയത്.
എഎൻഐയുടെ വിക്കിപീഡിയ പേജിൽ നടത്തിയ എഡിറ്റിങ്ങിൽ പരാതിയുമായാണ് ഏജൻസി നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മോദി സർക്കാരിന്റെ പ്രോപഗണ്ടാ ആയുധമായി പ്രവർത്തിക്കുന്നുവെന്നതുൾപ്പെടെയുള്ള വിവരങ്ങൾ എഡിറ്റ് ചെയ്തു ചേർത്തുവെന്നാണ് വാർത്താ ഏജൻസി പരാതിയിൽ ചൂണ്ടിക്കാട്ടിയത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും മുസ്‌ലിംകൾക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങളും ഏജൻസിക്കെതിരെ ഉണ്ടായിരുന്നു.
നിലവിലെ തൊഴിലാളികളോടും മുൻ ജീവനക്കാരോടുമെല്ലാം മോശം പെരുമാറ്റമാണ് എഎൻഐയുടെ പുതിയ മാനേജ്‌മെന്റിന്റേതെന്ന് നിരവധി പേർ ആരോപിച്ചിട്ടുണ്ടെന്ന് വിക്കിപീഡിയ പേജിൽ ആരോപിക്കുന്നുണ്ട്. 2023ലെ മണിപ്പൂർ കലാപത്തിനിടയിൽ രണ്ട് കുക്കി വനിതകൾക്കുനേരെ മുസ്‌ലിംകൾ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ എഎൻഐ വ്യാജവാർത്ത നൽകിയിരുന്നുവെന്നും ഇതിൽ സൂചിപ്പിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും സൽപ്പേരിനെയും കളങ്കപ്പെടുത്തുന്നതാണ് ആരോപണങ്ങളെന്നാണ് എഎൻഐ ഹരജിയിൽ പറഞ്ഞത്.
കേസിൽ ജൂലൈ ഒൻപതിന് ഹൈക്കോടതി വിക്കിപീഡിയയ്ക്ക് സമൻസ് അയച്ചിരുന്നു. വിക്കിമീഡിയ സാങ്കേതികമായ ഹോസ്റ്റ് മാത്രമാണെന്നും വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ തീരുമാനിക്കുന്നതോ കൂട്ടിച്ചേർക്കുന്നതോ തിരുത്തുന്നതോ ഒന്നും സ്ഥാപനമല്ലെന്നും വിശദീകരണ കുറിപ്പിൽ ഫൗണ്ടേഷൻ വ്യക്തമാക്കി. വിക്കിമീഡിയ കമ്യൂണിറ്റി എന്ന പേരിൽ അറിയപ്പെടുന്ന ആഗോളതലത്തിലുള്ള വോളന്റിയർ എഡിറ്റർമാരുടെ സംഘമാണ് പേജിലെ ഉള്ളടക്കങ്ങൾ തീരുമാനിക്കുന്നത്. ഇവരാണു ശ്രദ്ധേയമായ വിഷയങ്ങളിൽ വിവരങ്ങൾ ശേഖരിച്ച് പങ്കുവയ്ക്കുന്നതെന്നും വിക്കിമീഡിയ ഫൗണ്ടേഷൻ വിശദീകരിച്ചിരുന്നു.
ആഗസ്റ്റ് 20ന് ഫൗണ്ടേഷൻ പ്രതിനിധി കോടതിയിൽ ഹാജരാകുകയും ചെയ്തു. എന്നാൽ, തങ്ങൾ നൽകിയ മാനനഷ്ടക്കേസിൽ കുറ്റാരോപിതരായ മൂന്നുപേർ പ്ലാറ്റ്‌ഫോമിലെ അഡ്മിനിസ്‌ട്രേറ്റർമാരാണെന്ന് എഎൻഐ വാദിച്ചു. ഇതിനെ ഫൗണ്ടേഷൻ എതിർക്കുന്നില്ലെന്നും വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. തുടർന്ന് രണ്ട് ആഴ്ചയ്ക്കകം വിവാദ വ്യക്തികളുടെ വിവരങ്ങൾ കൈമാറാൻ കോടതി ഉത്തരവിടുകയായിരുന്നു.
എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും നിർദേശിക്കപ്പെട്ട വിവരങ്ങൾ വിക്കിപീഡിയ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇതു കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി എഎൻഐ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അപകീർത്തികരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നും നിലവിൽ പ്ലാറ്റ്‌ഫോമിൽ ചേർത്ത വിവരങ്ങൾ നീക്കം ചെയ്യണമെന്നും ഏജൻസി ഹരജിയിൽ ആവശ്യപ്പെട്ടു. മാനനഷ്ടമായി രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഹരജിയിലാണിപ്പോൾ ഡൽഹി ഹൈക്കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ജസ്റ്റിസ് നവീൻ ചൗളയുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇന്ത്യൻ സ്ഥാപനമല്ലാത്തതിനാൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ വിക്കിമീഡിയ അഭിഭാഷക സംഘം ആവശ്യപ്പെട്ടു. എന്നാൽ, ഇത് ഇനിയും ഒഴികഴിവായി അംഗീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. ഇതേ ന്യായം മുൻപും പറഞ്ഞതാണ്. ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്നും ജസ്റ്റിസ് ചൗള വിക്കിമീഡിയ സംഘത്തോട് സ്വരം കടുപ്പിച്ചു.
കോടതിയലക്ഷ്യം ചുമത്തുന്നതിനൊപ്പം ഇവിടെയുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടാനും പോകുകയാണെന്നും കോടതി മുന്നറിയിപ്പ് നൽകി. വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി. വിക്കിമീഡിയ ഫൗണ്ടേഷനിലെ ഒരു ഔദ്യോഗിക വൃത്തം അടുത്ത ഒക്ടോബറിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.