മൃഗശാലയുടെ പരിപാലനത്തിൽ സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തി, ഇരുപത്തിയാറ് പുള്ളിമാനുകളെ ആണ് കോയമ്പത്തൂരിൽ ബോലുവംപട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്

 മൃഗശാലയുടെ പരിപാലനത്തിൽ സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തി, ഇരുപത്തിയാറ് പുള്ളിമാനുകളെ ആണ് കോയമ്പത്തൂരിൽ ബോലുവംപട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്

കോയമ്പത്തൂർ: മൃഗശാലയിലുള്ള പുള്ളിമാനുകളെ അധികൃതർ കാട്ടിലേക്ക് തുറന്നുവിട്ടു. മൃഗശാലയുടെ പരിപാലനത്തിൽ സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. ഇരുപത്തിയാറ് പുള്ളിമാനുകളെ ആണ് കോയമ്പത്തൂരിൽ ബോലുവംപെട്ടി വനത്തിലേക്ക് തമിഴ്നാട് വനം വകുപ്പ് തുറന്നുവിട്ടത്. മൃഗങ്ങൾക്ക് സുരക്ഷയും കരുതലും ഒരുക്കുന്നതിൽ മുന്നിൽ നിൽക്കേണ്ട ഇടമാണ് മൃഗശാല.

വിഒസി മൃഗശാലയിൽ ആണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെൺ മാനുകളെയും അഞ്ച് മാൻ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്‌വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്.

മാർച്ച് മുതൽ മൃഗശാല അധികൃതർ മാനുകൾക്ക് സാന്ദ്രീകൃത തീറ്റ നൽകുന്നത് നിർത്തിയിരുന്നു. പകരം കാട്ടിൽ മാനുകള്‍ കഴിക്കുന്നത് പോലെയുള്ള തീറ്റ നൽകാൻ തുടങ്ങി. ശിരുവാണി മലയടിവാരത്തിൽ നിന്നാണ് ഇവയ്ക്കുള്ള ഭക്ഷണം എത്തിച്ചത്. കാട്ടിലേക്ക് വിടുന്നതിന് മുമ്പ് എല്ലാ മാനുകളിലും ട്യൂബർകുലോസിസ് (ടിബി) പരിശോധന നടത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നിർദേശ പ്രകാരമാണ് മാനുകളെ വനത്തിലേക്ക് തുറന്നുവിട്ടത്.

മാനുകളെ സുരക്ഷിതമായി വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് കടത്തിവിട്ടു. പെരുമ്പാമ്പ്, മുതല, കുരങ്ങ്, മയിൽ, മറ്റ് പക്ഷികൾ എന്നിവയും വിഒസി മൃഗശാലയിലുണ്ട്. ഈ മൃഗങ്ങളെ ഉടൻ തന്നെ സത്യമംഗലം കടുവാ സങ്കേതത്തിലേക്കും (എസ്‌ടിആർ) കോയമ്പത്തൂർ വനമേഖലയിലേക്കും വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

വിഒസി പാർക്കിന് 2022 ജനുവരിയിൽ സെൻട്രൽ സൂ അതോറിറ്റിയുടെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. മൃഗശാല ശരിയായി പരിപാലിക്കുന്നതിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തിയതോടെയാണിത്. മൃഗങ്ങളെ മൃഗശാലയിൽ നിലവിൽ സന്ദർശകർക്ക് പ്രവേശനമില്ല. മൃഗശാലയെ ഓപ്പൺ എയർ ക്ലാസ് മുറിയുള്ള പഠന കേന്ദ്രമാക്കി മാറ്റാനാണ് സിറ്റി കോർപ്പറേഷന്‍റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *