ലേലത്തിൽ വയ്ക്കാനും വിൽക്കാനും കഴിയാതെ100 കോടിയുടെ ചന്ദനമരങ്ങൾ നശിക്കുന്നു
ചിന്നാർ വന്യജീവി സങ്കേതത്തിൽ നശിക്കുന്നത് കോടികളുടെ ചന്ദനത്തടികൾ. ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞുവീണതും വന്യജീവികൾ മറിച്ചിട്ടതുമായ 2500-ൽ അധികം ചന്ദനമരങ്ങളാണ് ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളത്. വന്യജീവി-കടുവ സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ തുടങ്ങിയവയിൽ നിന്നും വീണുകിടക്കുന്ന തടികൾ പോലും പുറത്തെത്തിക്കാൻ നിയമമില്ല. അതുകൊണ്ട് തന്നെ കോടികൾ വിലയുള്ള ചന്ദനമരങ്ങൾ വനത്തിനുള്ളിൽ കിടന്ന് നശിക്കുകയാണ്.
100 കോടിയിലേറെ രൂപ മൂല്യമുള്ള തടികൾ ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. പുറത്തേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് നിയമമുള്ളതിനാൽ ഇവയെല്ലാം മണ്ണിൽ ദ്രവിച്ചുചേരുകയാണ്.
വീണുകിടക്കുന്ന മരങ്ങൾ ചന്ദനമോഷ്ടാക്കൾ കടത്താൻ തുടങ്ങി. അതോടെ വനത്തിലുള്ളിലെ ക്യാമ്പ് ഷെഡിലേക്ക് കുറച്ച് മരങ്ങൾ മാറ്റി. ബാക്കി ഇപ്പോഴും കാട്ടിൽത്തന്നെ കിടക്കുകയാണ്. ചിന്നാർ വന്യജീവി സങ്കേതം തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇതുവഴി മോഷ്ടാക്കൾ ചിന്നാറിലേക്ക് കയറുന്നുണ്ട്. കണ്ണൊന്ന് തെറ്റിയാൽ വീണുകിടക്കുന്ന ചന്ദനം അതിർത്തി കടന്നുപോകാനും സാധ്യതയുണ്ട്.
തൊട്ടടുത്തുള്ള മറയൂർ കാടുകളിൽ വീണമരങ്ങൾ വനംവകുപ്പ് ശേഖരിച്ച് ലേലത്തിന് വെയ്ക്കുന്നുണ്ട്. മറയൂർ സാൻഡൽ ഡിവിഷൻറെ കീഴിലുള്ള ഈ വനത്തിൽ വന്യജീവി സങ്കേതത്തിനുള്ള നിയന്ത്രണമില്ല. വർഷംതോറും 100 കോടി രൂപയുടെ വരുമാനമാണ് ചന്ദന ഇ-ലേലത്തിലൂടെ സർക്കാരിന് ലഭിക്കുന്നത്. വീണുകിടക്കുന്ന ചന്ദനമരങ്ങൾ വനംവകുപ്പ് ശേഖരിച്ച് സംരക്ഷിക്കാനും വിൽപ്പന നടത്തുവാനുമുള്ള നിയമഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യം ഉയർന്നു.