പി വി അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം
മലപ്പുറം: പി വി അൻവർ എംഎൽഎയ്ക്കെതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. നിലമ്പൂർ ടൗണിൽ ഉൾപ്പെടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകർ പി വി അൻവറിനെതിരെ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’, ‘ഗോവിന്ദൻ മാഷൊന്നു ഞൊടിച്ചാൽ കയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിനിടെ ഉയർന്നു കേട്ടത്.
ഇരുന്നൂറിലധികം ആളുകൾ നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. അൻവറിന്റെ ചിത്രം ഉൾപ്പെടുത്തിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറുമായായിരുന്നു പ്രകടനം. പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. അൻവർ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങൾക്കെതിരെ സിപിഎം പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് എം.വി.ഗോവിന്ദൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അൻവറിനെതിരെ പാർട്ടി പ്രവർത്തകർ പ്രതിഷേധത്തിനിറങ്ങിയത്. സിപിഎമ്മുമായി അൻവറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പാർട്ടി സെക്രട്ടറി പറഞ്ഞാൽ പ്രകടനത്തിൽ പങ്കെടുക്കാതിരിക്കാൻ പ്രവർത്തകർക്ക് കഴിയില്ലെന്നും ആ അർഥത്തിലേ പ്രകടനത്തെ കാണുന്നുള്ളൂ എന്നും പി.വി.അൻവർ പറഞ്ഞു. താൻ പറയുന്നത് ശരിയാണെന്നു പ്രവർത്തകരുടെ മനസിലുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം വരും ദിവസങ്ങളിലും അൻവറിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്നു നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപി എം.ആർ.അജിത്കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും വിമർശിച്ച അൻവർ മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞതോടെയാണു പാർട്ടി കൈവിട്ടത്. അൻവറുമായി ഇനി ബന്ധമില്ലെന്നു പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.
അൻവറിന്റെ നിലപാടിനെതിരെ പാർട്ടിയെ സ്നേഹിക്കുന്നവരും പ്രവർത്തകരും രംഗത്തിറങ്ങണമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. അൻവറിന്റെ നിലപാടുകൾക്കു സമൂഹമാധ്യമത്തിൽ സ്വീകാര്യത ലഭിച്ചതോടെയാണ് പാർട്ടി നിലപാട് കർശനമാക്കിയത്. തന്റെ നിലപാട് വ്യക്തമാക്കാൻ ഞായറാഴ്ച അൻവറും പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. സമ്മേളനത്തിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുമെന്നാണ് അൻവർ പറയുന്നത്.