‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിനെതിരെ സിപിഎം; ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

 ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിനെതിരെ സിപിഎം; ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. രാംനാഥ് കോവിന്ദ് കമ്മിറ്റിയാണ് ഈ ആശയം ശുപാർശ ചെയ്തത്. അതി​ന്റെ അടിസ്ഥാനത്തിൽ ഈ ആശയം കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് സിപിഎമ്മി​ന്റെ ഈ തീരുമാനം. ഒരു തിരഞ്ഞെടുപ്പ്, പെട്രോൾ, ഡീസൽ വില വർദ്ധന, തൊഴിലില്ലായ്മ, അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവത്കരണം, സ്ത്രീകൾക്കെതിരായ അതിക്രമണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും ഈ മാസം 15 മുതൽ ഒരുമാസത്തെ പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനമായി.

പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള നടപടികൾ പാർലമെന്ററി ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കുമെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കും അഞ്ച് വർഷത്തെ കാലാവധി എന്ന ഭരണഘടനാ പദ്ധതിയെ ലംഘിക്കുന്നതാണിത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ഈ ആശയം സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭകളുടെയും അവകാശങ്ങളാണ് ചവിട്ടിമെതിക്കുന്നത്. ഈ ജനാധിപത്യ വിരുദ്ധ, ഫെഡറൽ വിരുദ്ധ നീക്കത്തിനെതിരെ പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ മുതൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില ഇതുവരെ കുറച്ചിട്ടില്ലെന്ന കാര്യം കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത് അവശ്യസാധനങ്ങളുടെ വിലകൂടാനും കാരണമായിതീർന്നു.

Leave a Reply

Your email address will not be published. Required fields are marked *