വേദിയിലിരുന്ന മകൾക്ക് സ്വാഗതം പറഞ്ഞില്ല; മന്ത്രിയുടെ സാന്നിധ്യത്തിൽ സിപിഐ ജില്ലാ നേതാവിന്റെ രോഷപ്രകടനം
മൂന്നാർ: വേദിയിലിരുന്ന മകൾക്ക് സ്വാഗതം ആശംസിക്കാഞ്ഞതിൽ പ്രതിഷേധം. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലാണ് സ്വാഗതപ്രസംഗകനുനേരെ രോഷപ്രകടനം നടത്തിയത്. സിപിഐ ജില്ലാ നേതാവിന്റെ മകളും ബ്ലോക്ക് പഞ്ചായത്തംഗവുമായ പി ജയലക്ഷ്മിയുടെ പേരാണ് സ്വാഗതപ്രസംഗകൻ വിട്ടുപോയത്. മന്ത്രി ജി.ആർ.അനിലിന്റെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബഹളം വച്ചത്.
ഇന്നലെ നയമക്കാട്ട്, സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം പറഞ്ഞ ജില്ലാ സപ്ലൈ ഓഫിസർ ബൈജു.കെ.ബാലൻ, നോട്ടിസിൽ പേരുണ്ടായിരുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പി.ജയലക്ഷ്മിയുടെ പേര് പറയാൻ വിട്ടുപോയി. ഇതിനു ശേഷം എ.രാജ എംഎൽഎ അധ്യക്ഷപ്രസംഗം തുടങ്ങിയതോടെയാണ് സദസ്സിലിരുന്ന പളനിവേൽ ബഹളംവച്ച് മകളോട് വേദിവിട്ടിറങ്ങാൻ ആവശ്യപ്പെട്ടത്. ഇതോടെ ഇവർ വേദിവിട്ട് സദസ്സിലെത്തി.
നേതാവിന്റെ ഈ രോഷപ്രകടനം കണ്ട മന്ത്രിയും വേദിയിലുണ്ടായിരുന്നവരും ആകെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഇതോടെ എംഎൽഎ സംഭവത്തിൽ ക്ഷമാപണം നടത്തുകയും പി ജയലക്ഷ്മിക്ക് സ്വാഗതം പറഞ്ഞ് മടക്കി വേദിയിൽ കയറ്റുകയും ചെയ്തു. ഇതോടെയാണ് നേതാവിന്റെ രോഷം അടങ്ങിയത്.