എന്തിന് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി? അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഐ
എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി സിപിഐ. പാർട്ടി ദേശീയ നിർവാഹ സമിതി അംഗമായ പ്രകാശ് ബാബു പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.
‘‘കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. അജിത് അതിന് തയാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണം. ജനകീയ സർക്കാരിൻ്റെ ജനപക്ഷ നിലപാടിനെ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പ്രതിസന്ധിയിലെത്തിക്കും. അത്തരം അവസ്ഥയാണ് എഡിജിപി വരുത്തിവച്ചത്’’– പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.