കോസ്മെറ്റിക് സർജറി ചെയ്തവരാണോ നിങ്ങൾ? എന്നാൽ പാസ്പോർട്ടിൽ അപ്ഡേറ്റ് മറക്കേണ്ട, ഇല്ലെങ്കിൽ പറക്കാൻ കഴിയില്ലെന്ന് ദുബായ്

 കോസ്മെറ്റിക് സർജറി ചെയ്തവരാണോ നിങ്ങൾ? എന്നാൽ പാസ്പോർട്ടിൽ അപ്ഡേറ്റ് മറക്കേണ്ട, ഇല്ലെങ്കിൽ പറക്കാൻ കഴിയില്ലെന്ന് ദുബായ്

ദുബായ്: കോസ്മെറ്റിക് സർജറിക്ക് വിധേയമാകുന്നവർ ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. പാസ്പോർട്ട് ഇഷ്യൂ ചെയ്തതിനുശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം.

വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ എമിഗ്രേഷൻ സിസ്റ്റത്തിൽ ശരിയായ ഡാറ്റ ലഭിക്കുന്നത് വരെ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനക്കായി നിർത്തുകയും ചില ഘട്ടങ്ങളിൽ അവരുടെ ഫ്ലൈറ്റുകൾ നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് നിർദ്ദേശം.

ദുബായ് വിമാനത്താവളങ്ങളിലുടെ എത്തുന്ന യാത്രക്കാരുടെ രേഖകളുടെ കൃത്യത പരിശോധിക്കുന്നതിൽ ദുബായ് ജി.ഡി.ആർ.എഫ്.എ അന്താരാഷ്‌ട്ര പ്രശംസ നേടി. യാത്ര രേഖകളിൽ കണ്ടെത്താവുന്ന ഏറ്റവും പുതിയതും ഉയർന്ന കൃത്യതയുള്ളതുമായ നൂതന സാങ്കേതികവിദ്യകളാണ് ഇവിടെയുള്ളത്. വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റർജിൻസും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നുവെന്ന് ദുബായ് വിമാനത്താവളത്തിലെ ഡോക്യുമെന്റ് എക്സാമിനേഷന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ്‌ അൽ നജ്ജാർ പറഞ്ഞു.

കൃത്രിമ യാത്ര രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ പിടികൂടുന്നതിന് ദുബായ് ഇമിഗ്രേഷൻ ഫലപ്രദമായ സംവിധാനമുണ്ടെന്ന് അഖീൽ അഹ്‌മദ്‌ അൽ നജ്ജാർ വ്യക്തമാക്കി. ഈ വർഷം ഇതുവരെ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് കഴിഞ്ഞ ദിവസം വകുപ്പ് അറിയിച്ചിരുന്നു. ഡോക്യുമെന്റ് എക്സാമിനേഷന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജരെ പിടികൂടിയത്. ആഗോളതലത്തിൽ സ്പെഷ്യലൈസ്ഡ് അംഗീകൃത ഡോക്യുമെൻ്റ് ഇൻസ്പെക്ഷൻ സെൻ്റർ ഉള്ള ചുരുക്കം ചില വകുപ്പുകളിൽ ഒന്നാണ് ദുബായ് വിമാനത്താവളത്തിലെ ഈ സെന്ററെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *