ഒന്നാം തീയതി മദ്യശാല തുറന്നാൽ വരുമാനം എത്ര കോടി? ഡ്രൈ ഡേ ഒഴിവാക്കിയാൽ നേട്ടം പലത്

 ഒന്നാം തീയതി മദ്യശാല തുറന്നാൽ വരുമാനം എത്ര കോടി? ഡ്രൈ ഡേ ഒഴിവാക്കിയാൽ നേട്ടം പലത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയതികളിലെ ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കം വീണ്ടും സജീവമാക്കി സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. വരുമാനത്തിലെ കുറവും ടൂറിസം മേഖലയിലുണ്ടാകുന്ന തിരിച്ചടിയുമാണ് ഡ്രൈ ഡേ നീക്കാനുള്ള ആലോചനയ്ക്ക് പിന്നിൽ.

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വകുപ്പ് സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് യോഗം ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡ്രൈ ഡേ വിഷയത്തിൽ സർക്കാർ നീക്കം വേഗത്തിലാക്കിയേക്കും. വിഷയം എൽഡിഎഫ് യോഗം ചർച്ച ചെയ്യും.

വർഷത്തിൽ 12 ദിവസം പ്രവൃത്തി ദിവസങ്ങൾ നഷ്ടമാകുന്നതും ടൂറിസം മേഖലയിലെ മദ്യത്തിൻ്റെ ആവശ്യകതയും കണക്കിലെടുത്താണ് ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കം ശക്തമാക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി സംസ്ഥാനത്തെ മദ്യശാലകൾ തുറന്ന് പ്രവർത്തിച്ചാൽ 15,000 കോടിയുടെ വരുമാനം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ടൂറിസം, ദേശീയ – അന്തർദേശീയ കോൺഫറൻസുകൾ എന്നിവയിൽ നിന്ന് കേരളത്തെ ഒഴിവാക്കാൻ ഡ്രൈ ഡേ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിന് ലഭിക്കേണ്ട എക്‌സിബിഷൻ അടക്കമുള്ള പരിപാടികൾ ഡ്രൈ ഡേ മൂലം ഒഴിവാകുന്നതായുള്ള റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്തെ ബാറുടമകളുടെ ഭാഗത്ത് നിന്നും ഡ്രൈ ഡേ പിൻവലിക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ട്. സർക്കാരുകൾ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ബാറുടമകൾക്ക് തിരിച്ചടിയായത്. ഡ്രൈ ഡേ പിൻവലിക്കുന്നതിനൊപ്പം മദ്യം കയറ്റുമതി ചെയ്യുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്താനും ആലോചനയുണ്ട്. വില കുറഞ്ഞതും വീര്യം കുറഞ്ഞതുമായ മദ്യത്തിൻ്റെ വിൽപ്പന, മദ്യത്തിൻ്റെ ഉത്പാദനം പ്രോത്സാഹിക്കുന്ന നടപടികളും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *