കെട്ടിവച്ച കാശുപോലും കൊടുക്കാതെ ബിജെപിയെ കെട്ടുകെട്ടിച്ചു; രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസിന് തിളക്കമാർന്ന വിജയം

 കെട്ടിവച്ച കാശുപോലും കൊടുക്കാതെ ബിജെപിയെ കെട്ടുകെട്ടിച്ചു; രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസിന് തിളക്കമാർന്ന വിജയം

കൊച്ചി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമാണെങ്കിലും ഇക്കുറി അവിടുത്തെ കോൺ​ഗ്രസ് വിജയത്തിന് വലിയ തിളക്കമുണ്ട്. ലക്ഷദ്വീപിൽ സിറ്റിം​ഗ് എംപിയും എൻസിപി ശരദ് പവാർ പക്ഷം നേതാവുമായ മുഹമ്മദ് ഫൈസലിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഹംദുല്ല സെയ്‌ദ് വിജയിച്ചതിന്റെ ആവേശത്തിലാണ് കോൺ​ഗ്രസ്. പത്തു വർഷങ്ങൾക്ക് ശേഷമാണ് ലക്ഷദ്വീപിൽ കോൺ​ഗ്രസ് വെന്നിക്കൊടി പാറിക്കുന്നത്.

എതിരാളിയുടെ സ്വന്തം ദ്വീപിൽ പോലും മുന്നിലെത്താൻ മുഹമ്മദ് ഹംദുല്ല സെയ്‌ദിന് കഴിഞ്ഞു. സ്വന്തം ദ്വീപായ അന്ത്രോത്തിൽ പോലും മുന്നിലെത്താൻ സിറ്റിം​ഗ് എംപി മുഹമ്മദ് ഫൈസലിന് കഴിഞ്ഞില്ല. മുഹമ്മദ് ഫൈസലിന് കിൽത്താനിലും അമിനിയിലും, കൽപ്പേനിയിലും മാത്രമാണ് മുന്നിട്ട് നിൽക്കാനായത്. 2014 ലും 2019ലും ലക്ഷദ്വീപിൽ നിന്നും വിജയിച്ചത് മുഹമ്മദ് ഫൈസലായിരുന്നു.

ആകെ 57,784 വോട്ടർമാരാണ് ലക്ഷദ്വീപിലുള്ളത്. 10 ദ്വീപുകളിലായി 55 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ 6 റൗണ്ടിൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ കോൺഗ്രസ് വിജയക്കൊടി പാറിക്കുകയായിരുന്നു. 2647 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് ഹംദുല്ല സെയ്‌ദ് വിജയിച്ചത്. സെയ്‌ദ് 25726 വോട്ട് നേടിയപ്പോൾ, എൻസിപി ശരദ് പവാർ പക്ഷത്തിൻറെ സിറ്റിംഗ് എംപി പിപി മുഹമ്മദ് ഫൈസലിന് 23079 വോട്ട് ലഭിച്ചു. ബിജെപി പിന്തുണയിൽ മത്സരിച്ച എൻസിപി അജിത് പവാർ പക്ഷം സ്ഥാനാർഥി ടി.പി യൂസഫിന് 201 വോട്ട് മാത്രമാണ് ലഭിച്ചത്. കെട്ടിവച്ച കാശ് പോലും എൻഡിഎയ്ക്ക് ലഭിച്ചില്ല.

ആരോഗ്യ രംഗത്തടക്കം അടിസ്ഥാന സൗകര്യങ്ങളിൽ പോലും ഏറെ പിന്നിലായ ദ്വീപിനായി വാഗ്ദാനം നൽകിയതൊന്നും ചെയ്തില്ല, പ്രതിസന്ധി കാലത്ത് ദ്വീപ് ജനതയ്ക്കു വേണ്ടി ഒന്നും ചെയ്തില്ല എന്നീ വിമ‍ർശനങ്ങളും ബിജെപിയിലേക്കെന്ന പ്രചാരണവും കൊഴുത്തതോടെയാണ് ഫൈസലിന് ദ്വീപ് കൈവിട്ടത്. 2009ൽ 26 വയസിന്റെ ചുറുചുറുക്കിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ലക്ഷദ്വീപിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച വ്യക്തിയാണ് ഹംദുല്ല സെയ്ദ്. മുൻ എംപി പിഎം സെയ്‌ദിന്റെ മകനായ ഇദ്ദേഹത്തിന് പക്ഷെ, 2014 ലും 2019 ലും കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ ദ്വീപ് ജനത ദുരിതത്തിലായപ്പോൾ ലക്ഷദ്വീപ് ഫോറമടക്കം രൂപീകരിച്ച് ജനങ്ങൾക്കൊപ്പം നിന്നതും, നിയമപോരാട്ടങ്ങൾക്ക് മുന്നിട്ടിറങ്ങിയതുമെല്ലാം ഹംദുല്ല സെയ്‌ദിന് ഗുണം ചെയ്തു. ബിജെപിയോടുള്ള ദ്വീപ് ജനതയുടെ വലിയ എതിർപ്പാണ് നാട്ടിലെ അറിയപ്പെടുന്ന മതപണ്ഡിതനായിട്ടുപോലും ടിപി യൂസഫിൻറെ ദയനീയ തോൽവിക്ക് വഴിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *