ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോൺ​ഗ്രസ് ശ്രമിച്ചു;വീണ്ടും വിവാദ പരാമർശവുമായി പ്രധാനമന്ത്രി

 ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോൺ​ഗ്രസ് ശ്രമിച്ചു;വീണ്ടും വിവാദ പരാമർശവുമായി പ്രധാനമന്ത്രി

മുംബൈ: അധികാരത്തിലേറിയാല്‍ ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ‘രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീങ്ങള്‍ക്കാണ് ആദ്യ അവകാശം എന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്ന് പറഞ്ഞിരുന്നു.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇത് പറഞ്ഞ യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഞാന്‍ എന്റെ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അത് അനുവദിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേകം ബജറ്റും 15 ശതമാനം മുസ്ലിങ്ങള്‍ക്കായി നീക്കിവെക്കാനുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്,’ എന്നാണ് മോദിയുടെ ആരോപണം.

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ്, ഇന്ത്യാ സഖ്യത്തിന്റെ പദ്ധതികള്‍ താന്‍ തുറന്നുകാട്ടുകയാണെന്നും തനിക്ക് സ്വന്തം പ്രതിച്ഛായയേക്കാള്‍ രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യന്‍ സഖ്യവും കോണ്‍ഗ്രസിന്റെ രാജകുമാരനും (രാഹുല്‍ ഗാന്ധി) മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്.

കര്‍ണാടക അവരുടെ പരീക്ഷണശാലയാണെന്നും മോദി പറഞ്ഞു. കര്‍ണാടകയിലെ മുസ്ലീങ്ങളെ ഒറ്റ രാത്രികൊണ്ട് ഒബിസി ക്വാട്ടയില്‍ ഉള്‍പ്പെടുത്തി. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടു,’ മോദി പറഞ്ഞു. കോണ്‍ഗ്രസും ഇന്ത്യാ ഗ്രൂപ്പും അധികാരത്തില്‍ വന്നാല്‍ അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കും എന്നും അദ്ദേഹം ആരോപിച്ചു. രാഹുലും ഇന്ത്യന്‍ സഖ്യവും പ്രീണനത്തിന്റെ പഴയ കളിയാണ് കളിക്കുന്നത്. അവര്‍ സംവരണത്തിനായി നോക്കുകയാണ്. മുംബൈയിലെ ആറ് ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലാണ്. മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെന്‍ട്രല്‍ എന്നിവയാണ് സീറ്റുകള്‍

Leave a Reply

Your email address will not be published. Required fields are marked *