നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു

 നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു

കണ്ണൂർ: നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽന(23)യുടെ മരണത്തിലാണ് യുവതിയുടെ ഭർത്താവ് പരിയാരം കളത്തിൽപറമ്പിൽ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെ ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഒരാഴ്ച മുൻപാണ് ഡെൽന സ്വന്തം വീട്ടിൽവച്ച് വിഷം കഴിച്ചത്. വിഷം കഴിച്ച ശേഷം ഡെൽന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു മരണം. കോഴിക്കോട്ടെ ആസ്പത്രിയിൽ ചികിത്സയിലിരിക്കേ കുന്ദമംഗലം മജിസ്‌ട്രേറ്റ് ഡെൽനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലപ്പോഴായി പോലീസ് ഡെൽനയുടെ വീട്ടുകാരിൽനിന്ന് വിശദമായ മൊഴിയെടുത്തിരുന്നു.

ഡെൽനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. ഗാർഹികപീഡനം, സ്ത്രീധനപീഡനം എന്നിവയുടെ പേരിലാണ് കേസെടുത്തത്. നാലുമാസം മുൻപായിരുന്നു വിവാഹം. 80 പവൻ സ്വർണം ആവശ്യപ്പെട്ട് ഡെൽനയെ സ്വന്തം വീട്ടിൽ പോകാൻ നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെൽന ജീവനൊടുക്കിയെന്നുമാണ് മാതാപിതാക്കളുടെ പരാതി.

ഇതിനെത്തുടർന്ന് സനൂപിനും സോളിക്കുമെതിരേ നേരത്തേ കേസെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ഡെൽന മരിച്ചശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുകയായിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമാദിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *