ആനുകൂല്യങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട; മത്സ്യത്തൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; രാജ്യത്ത് ഇത് ആദ്യമെന്ന കേരള സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ ഇനി വിരൽത്തുമ്പിലറിയാം. മത്സ്യത്തൊഴിലാളികളുടെ പ്രായം, സേവന കാലയളവ്, പെന്‍ഷന്‍, കുടുംബ- സാമ്പത്തിക- സാമൂഹിക പശ്ചാത്തലം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് വിരല്‍ത്തുമ്പില്‍ ലഭ്യമാകുക. ഇതോടെ മീന്‍ പിടിക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളില്‍ സാമ്പത്തിക സഹായം എത്തിക്കാനും മക്കളുടെ വിദ്യാഭ്യാസ, വിവാഹ സഹായധനം ഉള്‍പ്പെടെയുള്ള ആനുകൂല്യം വേഗത്തിലാക്കാനും ഈ ആപ് വരുന്നതോടെ എളുപ്പമാകും.
ആനുകൂല്യങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ വിവരം പുതിയ ആപ്പില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.’ ഓരോ കുടുംബത്തിലെയും പ്രധാന വ്യക്തിക്ക് പ്രത്യേകം ഐഡി നല്‍കിയാണ് വിവരം അപ്ലോഡ് ചെയ്തിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതി ഇതോടെ കേരളത്തിന് സ്വന്തമാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററുമായി ചേര്‍ന്ന് ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം എന്ന വെബ് ആപ്ലിക്കേഷനിലൂടെ നടത്തിയ വിവരശേഖരണം 99 ശതമാനവും പൂര്‍ത്തിയായി. ശേഖരിച്ച വിവരം കൂടുതല്‍ കൃത്യത വരുത്തുന്നതിനുള്ള സെന്‍സസും അന്തിമഘട്ടത്തിലാണ്. ഇത് ഉള്‍പ്പെടെയുള്ള വിവരശേഖരണം ജൂണ്‍ ആദ്യവാരം പൂര്‍ത്തിയാകുമെന്ന് സർക്കാർ അറിയിച്ചു.
ശേഖരിച്ച വിവരങ്ങളില്‍ കൂടുതല്‍ കൃതത ഉറപ്പാക്കാന്‍ നടത്തുന്ന സാമ്പത്തിക സാമൂഹിക സെന്‍സസ് 31നു പൂര്‍ത്തിയാകും. തൊഴിലാളികളുടെ വീടിന്റെ ഫോട്ടോ സഹിതം എടുത്ത് ജിയോടാഗ് ചെയ്താണ് സെന്‍സസ് മുന്നേറുന്നത്. മേഖലയില്‍ 10 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സാമ്പിള്‍ സര്‍വേക്ക് പകരം സെന്‍സസാണ് ഇക്കുറി നടക്കുന്നത്. 2013ല്‍ ആണ് കഴിഞ്ഞ സാമ്പത്തിക സാമൂഹിക സാമ്പിള്‍ സര്‍വേ നടന്നത്. ഫിംസ് ആപ്പില്‍ ഇതുവരെ അംഗങ്ങളായത് 3,77,461 പേരാണ്. ഇതില്‍ സമുദ്ര മത്സ്യത്തൊഴിലാളികളായി 2,47,492 പേരും ഉള്‍നാടന്‍ മീന്‍പിടിത്തക്കാരായി 39,196 പേരും രജിസ്റ്റര്‍ ചെയ്തു. 85,221 അനുബന്ധ തൊഴിലാളികളും 44,748 പെന്‍ഷന്‍കാരുമുണ്ട്.
ആലപ്പുഴയിലാണ് കൂടുതല്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തത്, 77,866 പേര്‍. കുറവ് ഇടുക്കിയിലും വയനാട്ടിലും. യഥാക്രമം 414, 466. കൊല്ലത്ത് 53,025 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാങ്കേതിക വിദ്യാഭ്യാസം കുറവുള്ളവരെ സഹായിക്കാന്‍ ഒമ്പതു കടലോര ജില്ലകളില്‍ സാഗര്‍ മിത്ര ഉദ്യോഗസ്ഥരുണ്ടാകും. ഉള്‍നാടന്‍ മേഖലയില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരാകും സഹായിക്കുക. അടുത്തുള്ള ഫിഷറീസ് ഓഫീസുകള്‍ വഴിയും വിവരങ്ങള്‍ ആപ്പില്‍ ചേര്‍ക്കാം.’ ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലൂടെയും തൊഴിലാളികള്‍ക്ക് വിവരം പുതുക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.