കാപ്പിക്ക് പ്രസരിപ്പിന്റെ കാലം; വിപണിയിൽ കത്തിക്കയറി തേയില
രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കാപ്പിക്ക് ആവശ്യം ഏറി. കാപ്പിക്കും തേയിലക്കും വിപണിയിൽ വില ഉയർന്നു. വരൾച്ചമൂലമുണ്ടായ ഉൽപാദനക്കുറവ് വിയറ്റ്നാമിൽനിന്നുള്ള ലഭ്യതയെ ബാധിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇതാണു രാജ്യാന്തര വിപണിയിൽ കാപ്പി വിലയ്ക്കു ആശ്വാസമായത്.
ലണ്ടനിലെ ഇന്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ അവധി വ്യാപാരത്തിൽ റൊബസ്റ്റ കാപ്പി വില 2010നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. ടണ്ണിനു 3844 ഡോളറിലേക്കു വില ഉയർന്നു.
അതിനിടെ, വിയറ്റ്നാമിൽ മഴ ലഭിക്കുന്നതു കാപ്പിയുടെ ലഭ്യതയിൽ കുറവു വരുത്തില്ലെന്ന റിപ്പോർട്ടു പുറത്തുവന്നുകഴിഞ്ഞു. കാപ്പി വിലയിലെ ഉയർന്ന നിലവാരത്തിനു തുടർസാധ്യതയില്ലെന്ന അനുമാനം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കൽപറ്റയിൽ കാപ്പി പരിപ്പിന്റെ വില ക്വിന്റലിനു 33,000 രൂപയായിരുന്നതു വാരാന്ത്യത്തോടെ 36,000 നിലവാരത്തിലെത്തിയിട്ടുണ്ട്. കട്ടപ്പന വിപണിയിൽ പക്ഷേ ഈ നിലവാരമില്ല. വില കിലോ ഗ്രാമിനു 330 രൂപ മാത്രമാണ്.
തേയിലയ്ക്ക് വിദേശ ഡിമാൻഡ്
തേയിലയ്ക്ക് ഇറാഖിൽനിന്നു വൻ ഡിമാൻഡ്. കൊച്ചി ലേല കേന്ദ്രത്തിൽ സെയിൽ 21ന് എത്തിയ 1,07,623 കിലോ ഗ്രാം തേയിലയിൽ 96 ശതമാനവും വിൽപനയായി. വരൾച്ചയിൽ കരിയുകയായിരുന്ന തേയിലത്തോട്ടങ്ങളിൽ വേനൽ മഴ ലഭിച്ചതോടെ വിപണിയിലേക്കു കൂടിയ അളവിൽ തേയില എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഉൽപാദനത്തിലെ കുറവ് ലേല കേന്ദ്രങ്ങളിലെ തേയില വരവിൽ ഗണ്യമായ കുറവിന് ഇടയാക്കുകയുണ്ടായി.