കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നും കണ്ടെത്തി, മരിച്ചത് ഒട്ടക സവാരിക്ക് പോയ വിദ്യാർത്ഥികൾ, പ്രതിഷേധവുമായി കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും
ബെംഗളൂരു: കർണാടകയിൽ കാണാതായ കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നും കണ്ടെത്തി. ഗദഗ്, വിജയപുര സ്വദേശികളായ അനുഷ്‌ക ദഹിന്‌ഡെ (9), അവളുടെ സഹോദരൻ വിജയ് ദഹിന്‌ഡെ (7), മിഹിർ ജനഗൗലി (7) എന്നിവരാണ് മരിച്ചത്. വിജയപുരയിലാണ് സംഭവം. ഞായാറാഴ്ച രാവിലെ മുതൽ മൂന്ന് കുട്ടികളെ കാണാതാവുകയായിരുന്നു.
ഇൻഡി റോഡിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമം റോഡിലെ ചബുക്ക്സാവർ ദർഗയിലുള്ള വീട്ടിൽ നിന്നാണ് മൂന്ന് കുട്ടികളെയും കാണാതായത്. ഞായറാഴ്ച രാവിലെ കുട്ടികൾ ഒട്ടകസവാരിക്കായി വീട്ടിൽ നിന്നും പോയിരുന്നു. പുറത്തേക്കുപോയ കുട്ടികളെ കാണാതായതോടെ രക്ഷിതാക്കൾ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനിയില്ല.
കുട്ടികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്‌കരണ പ്ലാന്റിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്നുള്ള കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നഗരസഭയിൽ പ്രതിഷേധം നടത്തി. നഗരസഭ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.