നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിലിനെ ചോദ്യം ചെയ്തു
ആലപ്പുഴ: നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിലിനെ ചോദ്യം ചെയ്തു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരത്തെത്തിയാണ് ഗണ്‍മാനെ ചോദ്യം ചെയ്തത്. സിസിടിവി, ചാനല്‍ ദൃശ്യങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 15-ന് ആലപ്പുഴയില്‍ വച്ചാണ് സംഭവമുണ്ടായത്. നവകേരളാ ബസ് കടന്നുപോകുമ്ബോള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് സംഘം പ്രതഷേധക്കാരെ ക്രൂരമായി മർദ്ദിച്ചത്. പരാതി നല്‍കിയിട്ടും കേസെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് മർദ്ദനമേറ്റവർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഗണ്‍മാനെതിരെ കേസെടുത്തത്.
അന്വേഷണമോ ചോദ്യം ചെയ്യലോ ഉണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാർ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടരന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിട്ടുണ്ട്.