ചേരിയിലെ ചായക്കടക്കാരന്റെ മകൾ ഇനി ചാർട്ടേഡ് അക്കൗണ്ടന്റ്; അമൃത സിഎ നേടിയത് 10 വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ, വൈകാരിക വീഡിയോ വൈറൽ
ന്യൂഡൽഹി: ഒരു സാധാരണക്കാരനായ ചായക്കടക്കാരന്റെ മകളുടെ വിജയത്തിന് സാക്ഷിയായിരിക്കുകയാണ് സോഷ്യൽ മീഡിയ. ഡൽഹിയിലെ ചേരിയിലാണ് ചായക്കടക്കാരനായ പ്രജാപതിയുടെ കുടുംബമുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും മകൾ അമൃതയെ പഠിപ്പിച്ചു. ഇപ്പോഴിതാ ഏതൊരാളും സ്വപ്നം കാണുന്ന ഉന്നത സ്ഥാനത്ത് കഠിനധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും എത്തിയിരിക്കുകയാണ് അമൃത. സ്വപ്നം യാഥാർഥ്യമായപ്പോൾ സന്തോഷം പിതാവിനോട് പറയുന്നതും അദ്ദേഹം നിറമിഴികളോടെ മകളെ വാരിപ്പുണരുന്നതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
10 വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് അമൃത പ്രജാപതി സി.എ നേടിയത്. ബന്ധുക്കളിൽ നിന്നും പലപ്പോഴും പരിഹാസം നേരിട്ടിട്ടും മാതാപിതാക്കൾ നൽകിയ പിന്തുണയാണ് തന്നെ മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് അമൃത പറയുന്നു. കഠിനമായ സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും കുടുംബക്കാരുടെ പരിഹാസത്തിനിടയിലും മകൾ പഠിച്ച് നല്ല നിലയിലെത്തുന്നത് അദ്ദേഹം സ്വപ്നം കണ്ടു.
ഒരു ശരാശരി വിദ്യാർഥി മാത്രമായ അമൃതക്ക് സി.എ പരീക്ഷ വിജയിക്കാൻ ഒരിക്കലും സാധിക്കില്ലെന്നായിരുന്നു അടുപ്പമുള്ളവരുടെയും സുഹൃത്തുക്കളുടെയും വിലയിരുത്തൽ. ഇക്കാര്യം ആളുകൾ പ്രജാപതിയോട് സൂചിപ്പിക്കുമായിരുന്നു. മകളെ പഠിപ്പിച്ച് ചായ വിറ്റ് കിട്ടുന്ന കാശ് കളയേണ്ടെന്നും പകരം വീട് നിർമിക്കൂയെന്നും അവർ ഉപദേശിച്ചു. അത്കൊണ്ടു തന്നെ മകളുടെ വിജയം മധുരപ്രതികാരം കൂടിയാണ് പ്രജാപതിക്ക്.
ചേരിയിലാണ് താൻ ജീവിക്കുന്നതെന്നും എന്നാൽ തന്റെ ചുറ്റുപാടിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ലെന്നും അമൃത പറഞ്ഞു. ഒപ്പം പഠിച്ചിരുന്നവരിൽ വളരെ ചുരുക്കം പേർക്ക് മാത്രമേ അമൃതയുടെ സാഹചര്യം അറിയുമായിരുന്നുള്ളൂ.
വീട്ടുകാർക്ക് കഴിയാൻ പുതിയ വീട് നിർമിക്കണം.-അതാണ് അമൃതയുടെ ഇനിയുള്ള ലക്ഷ്യം. ”ചേരിയിൽ കഴിയുന്നവർക്ക് ഭ്രാന്തമായ മനസായിരിക്കും എന്നാണ് ആളുകൾ പറയുന്നത്. ഞാനും അങ്ങനെയാണ്. അങ്ങനെയൊരു മനസില്ലായിരുന്നുവെങ്കിൽ എനിക്ക് വിജയം നേടാൻ സാധിക്കുമായിരുന്നില്ല.”-അമൃത പറഞ്ഞു.
”താനെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്ക് മാത്രമാണ്. ആളുകൾ പരിഹസിക്കുമ്പോഴും അവർ എന്നെ വിശ്വസിച്ചു. പലപ്പോഴും ബന്ധുക്കൾ അവരോട് പറയുമായിരുന്നു ഞാനവരെ വിട്ടുപോകുമായിരുന്നുവെന്ന്. എന്നാൽ അങ്ങനെ സംഭവിക്കില്ല എന്നവർ ഉറച്ചുവിശ്വസിച്ചു.”-അമൃത ലിങ്ക്ഡ് ഇനിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി.