ബണ്ടി ചോർ ആലപ്പുഴയിൽ ? ഹൈടെക് കള്ളന്‍ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം ആരംഭിച്ച് പൊലീസ്
ആലപ്പുഴ: ഹൈടെക് കള്ളന്‍ എന്നറിയപ്പെടുന്ന ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം. ബണ്ടി ചോർ എന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ നിന്ന് മദ്യപിക്കുന്ന പ്രതിയുടെ രൂപസാദൃശ്യമുള്ള ആളുടെ രൂപം സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞദിവസം രാത്രിയിൽ ആണ് സംഭവം.
ബാറിലെ ജീവനക്കാർ നൽകിയ വിവരത്തെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ ശേഖരിച്ചു. ബാർ ജീവനക്കാരുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈടെക് കള്ളനായ ബണ്ടി ചോര്‍ നിരവധികേസുകളില്‍ പ്രതിയാണ്. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും ജാഗ്രത പാലിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.
ദേവീന്ദര്‍ സിംങ് എന്നാണ് 44 കാരനായ ബണ്ടിചോറിന്റെ യഥാര്‍ത്ഥ പേര്. രാജ്യാന്തര മോഷ്ടാവായ ഇയാള്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചരുന്ന ഇയാളെ ഒടുവില്‍ കേരള പോലീസാണ് പിടികൂടിയത്. ആഡംഭരവസ്തുക്കളായിരുന്നു ഇയാളുടെ ലക്ഷ്യം. ദില്ലി, ചെന്നൈ, ബംഗളൂരു. ചണ്ഡിഗഡ് തുടങ്ങി നിരവധിയിടങ്ങളില്‍ മോഷണ ശ്രമത്തിനിടെ ബണ്ടിചോര്‍ പിടിയിലായെങ്കിലും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഹൈടെക് കള്ളന്‍ എന്ന് അറിയപ്പെടുന്ന ബണ്ടി ചോറിന് ആരാധകരും ഏറെയാണ്.