നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു
മനാമ: നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും പരിസ്ഥിതിക്ക് ഹാനികരവുമായ ഇത്തരം ട്രോളിങ് വലകൾ ഉപയോഗിക്കുന്നതാണ് മത്സ്യ സമ്പത്ത് നശിക്കാൻ ഇടയാക്കുന്നത്. ലോവർ ക്രിമിനൽ കോടതിയിലാണ് ഇയാളുടെ വിചാരണ നടത്തുന്നത്.
മൂന്നു കൂളറുകൾ നിറയെ ചെമ്മീൻ ഇയാളിൽനിന്ന് കണ്ടെടുത്തു. തന്റെ ബോട്ട് നൽകിയതിന് ശേഷം പ്രവാസികളെ കൊണ്ടാണ് മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് വ്യക്തമായി. കോസ്റ്റ്ഗാർഡാണ് പിടികൂടിയത്. ഇയാളുടെ വാഹനവും ബോട്ടും കസ്റ്റഡിയിലെടുത്തു.
2004 മുതൽ രാജ്യത്തെ മത്സ്യസമ്പത്ത് കുറയുന്നതിനെതുടർന്ന് 2018 മുതലാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. കടലാമകളും മത്സ്യക്കുഞ്ഞുങ്ങളും അടക്കം കടലിന്റെ അടിത്തട്ടിലുള്ള എല്ലാ ജീവികളും ഇത്തരം വലകളിൽ കുടുങ്ങുന്നതായി കണ്ടെത്തിയിരുന്നു.