കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു; ആദായം വർധിപ്പിക്കുന്ന കൃഷിരീതി നിങ്ങൾക്കും തുടങ്ങാം

 കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു; ആദായം വർധിപ്പിക്കുന്ന കൃഷിരീതി നിങ്ങൾക്കും തുടങ്ങാം

പൊക്കം കുറഞ്ഞതും അധികം പടരാതെ വളരുന്നതുമായ കശുമാവിന്‍തൈകള്‍ സൗജന്യമായി നൽകുന്നു. കേരള സംസ്ഥാന കശുമാവുകൃഷി വികസന ഏജൻസി കൃഷിവിസ്തൃതി ലക്ഷ്യമിട്ട് തുടങ്ങുന്നതാണ് ഈ പദ്ധതി. ഗ്രാഫ്റ്റ് ചെയ്‌ത കശുമാവ് തൈകളാണ് സൗജന്യമായി നൽകുന്നത്.
കശുമാവിൽ പരപരാഗണം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തേനീച്ചക്കോളനികൾ കൂടി നൽകുകയും ചെയ്യുന്നു.

മുറ്റത്തൊരു കശുമാവ്

കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടിത്തൊഴിലാളികള്‍, സ്‌കൂള്‍–കോളജ് വിദ്യാർഥികള്‍, അഗ്രികള്‍ചര്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പദ്ധതി. പൊക്കം കുറഞ്ഞതും അധികം പടരാതെ വളരുന്നതുമായ കശുമാവിന്‍തൈകള്‍ സൗജന്യമായി നൽകുന്നു.

കശുമാവ് പുതുക്കൃഷി

കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു. കുറഞ്ഞത് ഒരേക്കറില്‍ കൃഷി ചെയ്യണം. 200 തൈകൾ 7×7 മീറ്റർ അകലത്തിൽ ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാം. തൈ വില ഉൾപ്പെടെ 60:20:20 എന്ന ക്രമത്തിന് 3 വാർഷിക ഗഡുക്കളായി നല്‍കും. രണ്ടാം വർഷം 75 ശതമാനവും 3–ാം വർഷം രണ്ടാം വർഷത്തിന്റെ 90 ശതമാനവും തൈകൾ നിലനിർത്തിയെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. തൈകൾ നശിച്ചുപോയാൽ കർഷകൻ സ്വന്തം ചെലവിൽ പുതിയ തൈ വാങ്ങി നട്ടു പരിപാലിച്ചാല്‍ ആനുകൂല്യം ലഭിക്കും.

അതിസാന്ദ്രതാകൃഷി (High Density Planting)

നടീല്‍ അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി ആദായം വർധിപ്പിക്കുന്ന കൃഷിരീതി. ഇതു പ്രകാരം 5X5 മീറ്റർ അകലത്തില്‍ ഒരു ഹെക്ടറില്‍ 400 തൈകള്‍ നടാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കുന്നു. തൈ വില ഉള്‍പ്പെടെ 60:20:20 എന്ന ക്രമത്തില്‍ 3 വാര്‍ഷിക ഗഡുക്കളായി നല്‍കും. രണ്ടാം വര്‍ഷം 75 ശതമാനവും 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90 ശതമാനവും തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകൂ. തൈകള്‍ നശിച്ചു പോയാല്‍ കര്‍ഷകന്‍ സ്വന്തമായി തൈകള്‍ വാങ്ങി നട്ടു പരിപാലിച്ചാല്‍ ആനുകൂല്യം കിട്ടും. ഒരേക്കറെങ്കിലും കൃഷി ചെയ്യണമെന്നു മാത്രം.

അതീവ സാന്ദ്രതാകൃഷി (Ultra High Density Planting )

ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് ഒരു മെട്രിക് ടണ്‍ കശുവണ്ടി സ്ഥിരമായി ഉല്‍പാദിപ്പിക്കും വിധമുള്ള നൂതന കൃഷിസമ്പ്രദായമാണിത്. ഹെക്ടറിന് 1100 തൈകള്‍ കര്‍ഷകനു നല്‍കി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കല്‍. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സ്വന്തമായി തുള്ളിനന- ഫെര്‍ട്ടിഗേഷന്‍ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ഹെക്ടറിന് ഒരു ലക്ഷം രൂപ സബ്സിഡി നല്‍കും.

തേനീച്ചക്കോളനികൾ

കശുമാവിൽ പരപരാഗണം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തേനീച്ചക്കോളനികൾ നൽകുന്നു. നട്ട് 3 വർഷം കഴിഞ്ഞതും ഉൽപാദനം തുടങ്ങിയതുമായ മരങ്ങൾക്ക് ഹെക്ടറിന് 25 തേനീച്ചക്കോളനി സബ്‌സിഡി നിരക്കിൽ നൽകുന്നു ഒരേക്കർ മുതൽ 10 ഏക്കർവരെ കൃഷി ചെയ്യുന്നവർക്കാണ് ആനുകൂല്യം.

Leave a Reply

Your email address will not be published. Required fields are marked *