ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയി; കാര്‍ പാഞ്ഞത് 15 കിലോമീറ്റര്‍ ദൂരം

കൊട്ടാരക്കര (കൊല്ലം) ∙ ഓട്ടത്തിനിടെ മുൻചക്രം ഇളകിത്തെറിച്ചുപോയ കാർ ദേശീയപാതയിലൂടെ പാഞ്ഞത് 15 കിലോമീറ്റർ. ഒടുവിൽ റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറിയ കാറിൽനിന്നു ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു.
കുണ്ടറ ഇളമ്പള്ളൂർ ചരുവിളവീട്ടിൽ കെ.സാംകുട്ടി(60)യാണു കാറോടിച്ചത്. ഇയാൾക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനു കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കഴിഞ്ഞ രാത്രി പത്തരയോടെയാണു സംഭവം. പുനലൂർ ഭാഗത്തു നിന്നു കുണ്ടറയിലേക്കു പോവുകയായിരുന്നു കാർ. കുന്നിക്കോട് ഭാഗത്തു വച്ചാണു ടയർ ഊരിത്തെറിച്ചതെന്നു പൊലീസ് പറയുന്നു. ഇതറിയാതെ പാഞ്ഞുപോയ കാറിനെ നാട്ടുകാർ പിന്തുടർന്നെങ്കിലും തടയാനായില്ല. ഇതിനിടെ ഏതാനും വാഹനങ്ങളിൽ ഇടിച്ചതായും പരാതിയുണ്ട്.
കൊട്ടാരക്കര പൊലീസ് സ്റ്റേഷനു മുന്നിലൂടെയും കുതിച്ചുപാഞ്ഞ കാർ കിള്ളൂരിനു സമീപം മൺതിട്ടയിൽ ഇടിച്ചുനിന്നു. തലയ്ക്കും മുഖത്തും മുറിവേറ്റ സാംകുട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.