സ്റ്റാര്‍ലൈനറിൽ നിന്ന് വിചിത്ര ശബ്ദം; പേടകം തകർച്ചയിലേക്ക് ? വിവരമറിയിച്ച് ബച്ച് വില്‍മര്‍
വെറും 8 ദിവസം മാത്രം നീണ്ടുനിൽക്കുന്ന ദൗത്യം എന്നു പറഞ്ഞ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാസയുടെ സഞ്ചാരികളായ ബുച്ച് ബിൽമോറും സുനിതാ വില്യംസും 70 ദിവസം പിന്നിട്ടിട്ടും ഇതുവരെയും ഭൂമിയിൽ തിരിച്ചെത്തിയിട്ടില്ല. ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിന് ഉണ്ടായ തകരാർ കാരണമാണ് ഇരുവർക്കും തിരിച്ചെത്താൻ സാധിക്കാതിരുന്നത്. എന്നാൽ ഇരുവരെയും മറ്റൊരു പേടകത്തില്‍ തിരിച്ചെത്തിക്കുമെന്നും പേടകത്തെ തനിയെ ഇറക്കുമെന്നും നാസ ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്.
അതിനിടെ പുതിയ പ്രശ്‌നങ്ങള്‍ പേടകത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബച്ച് വില്‍മര്‍. ആര്‍സ് ടെക്‌നിക്ക എന്ന വെബ്‌സൈറ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. പേടകത്തിലെ സ്പീക്കറില്‍ നിന്ന് വിചിത്രമായ ശബ്ദം ഉണ്ടാവുന്നുവെന്നും അതിന് കാരണം അറിയില്ലെന്നും വില്‍മര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു സോണാര്‍ പിങ് പോലുള്ള സ്പന്ദന ശബ്ദം പോലെയായിരുന്നു അത് എന്ന് വില്‍മര്‍ പറയുന്നു. ഇത്തരത്തിലുള്ള അപാകതകള്‍ ബഹിരാകാശ സഞ്ചാരികളുടെ ശ്രദ്ധയില്‍ പെടുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും വളരെ സാധാരണമാണ്. അവ പലതും പേടകത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. സ്റ്റാര്‍ലൈനറിലെ സ്പീക്കറില്‍ ഈ ശബ്ദം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല. അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍.
മൂന്ന് മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സ്റ്റാര്‍ലൈനര്‍ പേടകം ഈ മാസം തിരിച്ചിറക്കും. ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായതുമാണ് കാരണം. സാങ്കേതിക പ്രശ്‌നമുള്ള പേടകത്തില്‍ സഞ്ചാരികളെ തിരികെ ഇറക്കുന്നത് വെല്ലുവിളി ആയതിനാല്‍ അവരെ മറ്റൊരു പേടകത്തില്‍ തിരിച്ചെത്തിക്കാന്‍ നാസ തീരുമാനിക്കുകയായിരുന്നു. സ്‌പേസ് എക്‌സിന്റെ ക്രൂ 9 പേടകത്തിലാണ് സുനിതാ വില്യംസും ബച്ച് വില്‍മറും തിരികെ എത്തുക.
ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന സ്‌പേസ് ക്രാഫ്റ്റായാണ് 2014ല്‍ ക്രൂ ഡ്രാഗണെ സ്‌പേസ് എക്‌സ് അവതരിപ്പിച്ചത്. എന്നാല്‍ 2019ല്‍ നാസയുടെ നിര്‍ദേശം അനുസരിച്ച് യാത്രികരുടെ സീറ്റുകളുടെ എണ്ണം നാലാക്കി ചുരുക്കുകയായിരുന്നു. ഭൂമിയിലേക്കുള്ള മടക്കയാത്രയില്‍ ബഹിരാകാശ യാത്രികര്‍ അനുഭവിക്കേണ്ടി വരുന്ന ജി ഫോഴ്‌സ് കണക്കിലെടുത്തായിരുന്നു നാസ ഇരിപ്പിടങ്ങള്‍ നാലാക്കി ചുരുക്കാന്‍ നിര്‍ദേശിച്ചത്.
2011-2020 കാലയളവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ഏക പേടകം റഷ്യയുടെ സോയുസായിരുന്നു. നാസയുടെ സ്‌പേസ് ഷട്ടില്‍ വിരമിച്ചതോടെയാണ് അമേരിക്കക്ക് സ്വന്തം നിലക്ക് സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാനും തിരിച്ചു കൊണ്ടുവരാനുമുള്ള മികവ് ഇടക്കാലത്തേക്ക് നഷ്ടമായത്. ഇത് തിരികെ പിടിക്കുന്നതിനാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണും ബോയിങിന്റെ സ്റ്റാര്‍ലൈനറും നിര്‍മിക്കാന്‍ നാസ സഹായം നല്‍കിയത്. 2020ല്‍ സ്‌പേസ് എക്‌സ് ആദ്യമായി സഞ്ചാരികളെ അവരുടെ ക്രൂ ഡ്രാഗണ്‍ വഴി ബഹിരാകാശത്തെത്തിച്ചു. 2019ലും 2022ലും ആളില്ലാ പരീക്ഷണ പറക്കലുകള്‍ ബഹിരാകാശത്തേക്ക് നടത്തിയ ശേഷമാണ് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് സ്റ്റാര്‍ലൈനര്‍ ആദ്യ ബഹിരാകാശയാത്ര നടത്തിയതും പ്രതിസന്ധിയിലായതും.