ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് ഇനി ഇരട്ടി സന്തോഷം; ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി
സോഷ്യൽ മീഡിയയുടെ കാലമാണല്ലോ ഇത്. പുതിയ പുതിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഓരോ കമ്പനികളും പരസ്പരം മത്സരിക്കുമ്പോഴും അതിൻ്റെ ഗുണങ്ങൾ ലഭിക്കുന്നത് ഉപഭോക്താക്കൾക്കാണ്. ആന്‍ഡ്രോയ്ഡ് ടിവി ഉപഭോക്താക്കള്‍ക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബി എസ് എൻ എൽ ഇപ്പോൾ. ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി. ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും.
ഒരൊറ്റ സിപിഇ വഴി യുണിഫൈഡ് 4കെ എച്ച്ഇവിസി നെറ്റ്‍വർക്കും കേബിള്‍ ടിവിയും ഇന്‍റർനെറ്റും ലാന്‍ഡ്‍ലൈനും നല്‍കുകയാണ് ബിഎസ്എന്‍എല്‍ ചെയ്യുന്നത് എന്നാണ് ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന വിവരണം. 4കെ വീഡിയോ ഇന്‍റർഫേസും ബിള്‍ട്ട്-ഇന്‍ വൈഫൈ റൂട്ടറും ഒടിടി ആപ്പുകളിലേക്കുള്ള ആക്സസും സിസിടിവി സൗകര്യങ്ങളും ഈ ആന്‍ഡ്രോയ്ഡ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ബിഎസ്എന്‍എല്‍ ലൈവ് ടിവി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ആളുകള്‍ ഏറ്റെടുക്കുമോ എന്ന് കാത്തിരുന്ന് തന്നെയറിയണം. വളരെ കുറച്ച് ഡൗണ്‍ലോഡുകള്‍ മാത്രമേ ഈ ആപ്പിന് നിലവിലുള്ളൂ. ഫൈബർ കേബിള്‍ ശൃംഖലയിലൂടെ കുറഞ്ഞ നിരക്കിലാണ് ഇത് നല്‍കുന്നത്. മാസം 130 രൂപയേ ബിഎസ്എന്‍എല്‍ ഈടാക്കുന്നുള്ളൂ. രണ്ട് എച്ച്ഡി പാക്കേജുകളും കമ്പനിക്കുണ്ട്. 211 ചാനലുകളുള്ള പാക്കേജിന് 270 ഉം, 223 ചാനലുകളുള്ള പാക്കേജിന് 400 രൂപയുമാണ് ചിലവാകുക.
ആന്‍ഡ്രോയ് ടിവികളില്‍ സെറ്റ്-ടോപ് ബോക്സില്ലാതെ തന്നെ ബിഎസ്എന്‍എല്‍ ഐപിടിവി സർവീസ് പ്രവർത്തിക്കും.ഐപിടിവി അഥവാ ഇന്‍റർനെറ്റ് പ്രോട്ടോക്കോള്‍ ടിവി ഇതിനകം ബിഎസ്എന്‍എല്ലിനുണ്ട്. റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍ എന്നിവയുമായാണ് ബിഎസ്എന്‍എല്‍ ഇക്കാര്യത്തില്‍ ഏറ്റുമുട്ടേണ്ടത്.ബിഎസ്എന്‍എല്‍ ലൈവ് ടിവി ആപ്പ് ഭാവിയില്‍ മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല.