599 രൂപയ്ക്ക് മൂന്ന് ജിബി അധിക ഡാറ്റ, 84 ദിവസ വാലിഡിറ്റി; ആകർഷകമായ റീചാർജ് പ്ലാനുമായി ബിഎസ്എന്‍എല്‍

 599 രൂപയ്ക്ക് മൂന്ന് ജിബി അധിക ഡാറ്റ, 84 ദിവസ വാലിഡിറ്റി; ആകർഷകമായ റീചാർജ് പ്ലാനുമായി ബിഎസ്എന്‍എല്‍

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ പൊതുമേഖല മൊബൈല്‍ സേവനദാതാക്കളായ ബിഎസ്എന്‍എല്‍ അനവധി റീച്ചാര്‍ജ് പ്ലാനുകള്‍ കൊണ്ടുവരുന്നുണ്ട്. ഇപ്പോഴിതാപുതിയ ഓഫർ കൊണ്ട് വന്നിരിക്കുകയാണ്. 599 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ദിവസവും മൂന്ന് ജിബി വീതം ഡാറ്റ നല്‍കുന്നതിന് പുറമെ അധിക മൂന്ന് ജിബി ഡാറ്റ ലഭിക്കും എന്നതാണ് പുതിയ ഓഫർ.

ബിഎസ്എന്‍എല്ലിന്‍റെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 599 രൂപയുടേത്. 84 ദിവസമാണ് 599 രൂപ പാക്കേജിന്‍റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്‌ടിഡി കോളുകള്‍, ദിവസവും മൂന്ന് ജിബി ഡാറ്റ, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവ ബിഎസ്എന്‍എല്‍ ഈ റീച്ചാര്‍ജിലൂടെ നല്‍കുന്നു. ഇതിന് പുറമെ സൗജന്യ ഗെയിം സര്‍വീസുകളുമുണ്ട്. സിംഗ്+ പിആര്‍ബിടി+ അസ്ട്രോട്ടല്‍ എന്നിവയാണിവ. ഇതിനെല്ലാം പുറമെയാണ് മൂന്ന് ജിബി അഡീഷനല്‍ ഡാറ്റ 599 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഈ ഓഫര്‍ ലഭിക്കാന്‍ ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴിയാണ് റീച്ചാര്‍ജ് ചെയ്യേണ്ടത്. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്ലിക്കേഷനില്‍ 599 രൂപ റീച്ചാര്‍ജ് പ്ലാന്‍ തെളിഞ്ഞുകഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് റീച്ചാര്‍ജ് പൂര്‍ത്തീകരിക്കാനാകും.

സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ഇവരെ പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ സാമ്പത്തികമായി ഏറെ ഗുണം ചെയ്യുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് കവറേജിനെ കുറിച്ച് നാളുകളായി വ്യാപക പരാതിയുണ്ടെങ്കിലും 4ജി സേവനം വ്യാപിപ്പിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. 4ജി സേവനം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിന്‍റെ ട്വീറ്റുകള്‍ക്ക് താഴെ കമന്‍റിലൂടെ ആവശ്യപ്പെടുന്നതായി കാണാം.

Leave a Reply

Your email address will not be published. Required fields are marked *