വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി പരിശോധിച്ചു; ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത വിവാദത്തിൽ
ഹൈദരാബാദ്: നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി പരിശോധിച്ചതിന് വ്യാപകമായി വിമര്‍ശനം നേരിടുകയാണ് ഹൈദരാബാദ് ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത. പോളിങ് ബൂത്തില്‍ കയറി മുസ്ലീം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, അവരുടെ മുഖപടം മാറ്റാൻ ആവശ്യപ്പെടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.
ഏറെ നേരം മാധവി ലത ഇത്തരത്തില്‍ പോളിംഗ് ബൂത്തിലെ അധികാരിയെ പോലെ പെരുമാറുന്നത് വീഡിയോയില്‍ കാണാം. ഇതില്‍ അവസാനഭാഗത്ത് പോളിങ് ഉദ്യോഗസ്ഥര്‍ അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആരെല്ലാമാണ് വോട്ട് ചെയ്യുന്നത്, ഇവര്‍ യഥാര്‍ത്ഥ ഐഡി കൊണ്ടാണോ വന്നിരിക്കുന്നത് എന്നെല്ലാം തനിക്കൊരു ബോധ്യം വേണ്ടേ, അതിനാണ് പരിശോധന നടത്തുന്നത് എന്നായിരുന്നു ഇവരുടെ വിശദീകരണം.
ചട്ടലംഘനമാണ് മാധവി ലത ചെയ്തിരിക്കുന്നതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമുള്ള ആവശ്യമുയരുന്നുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഇവര്‍ സ്വയം ഏറ്റെടുത്ത് ചെയ്തത്. എന്നാലൊരു സ്ഥാനാര്‍ത്ഥിക്ക് ഇത് ചെയ്യാനുള്ള യാതൊരു അധികാരവുമില്ല എന്നതാണ് സത്യം. അസദുദ്ദീൻ ഒവൈസിയാണ് മാധവി ലതയ്ക്കെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്.