‘ആവേശം’ കയറി പിറന്നാള്‍ ആഘോഷം; വടിവാള്‍കൊണ്ട് കേക്ക് മുറി, പൊലീസിനെ വട്ടംകറക്കി, ഒടുവില്‍ ട്വിസ്റ്റ്

 ‘ആവേശം’ കയറി പിറന്നാള്‍ ആഘോഷം; വടിവാള്‍കൊണ്ട് കേക്ക് മുറി, പൊലീസിനെ വട്ടംകറക്കി, ഒടുവില്‍ ട്വിസ്റ്റ്

പത്തനംതിട്ട: ‘ആവേശം’ സിനിമയിലെ ഗുണ്ടസംഘങ്ങളുടെ മാതൃകയില്‍ പിറന്നാള്‍ ആഘോഷം നടത്തിയ യുവാക്കള്‍ പൊലീസിന് തലവേദനയായി. വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുണ്ട സംഘങ്ങളാണെന്ന തെറ്റിദ്ധരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഗുണ്ടകളുടെ പിറന്നാള്‍ ആഘോഷം എന്ന രീതിയില്‍ ദൃശ്യം പ്രചരിക്കപ്പെട്ടതോടെ പത്തനംതിട്ടയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇലവുംതിട്ട പൊലീസും അന്വേഷണം ആരംഭിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചത് ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഒരാഴ്ചയോളമാണ് വട്ടംകറക്കിയത്. അന്വേഷണങ്ങള്‍ക്കൊടുവിലാണ് തടി കൊണ്ട് നിര്‍മിച്ച വടിവാള്‍ ഉപയോഗിച്ചാണ് കേക്ക് മുറിച്ചതെന്ന് കണ്ടെത്തിയത്.

പിറന്നാള്‍ ആഘോഷമായിരുന്നുവെന്നും ആവേശം സിനിമയിലെ ആഘോഷം അതേരീതിയില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് യുവാക്കര്‍ പ്രതികരിച്ചത്. പന്തളത്തുള്ള നാടകസംഘത്തില്‍ നിന്ന് തരപ്പെടുത്തിയ തടി കൊണ്ടുള്ള വാള്‍ ഉപയോഗിച്ചാണ് കേക്ക് മുറിച്ചെന്നും യുവാക്കള്‍ പറഞ്ഞു.

ഗുണ്ടകളുടെ ആഘോഷമാണെന്ന് വ്യഖ്യാനിക്കപ്പെട്ടതോടെ പൊലീസ് യുവാക്കളെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വാള്‍ വാങ്ങി വച്ച് യുവാക്കളെ ഉപദേശിച്ച ശേഷം കേസെടുക്കാതെ പറഞ്ഞു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *