ലക്ഷദ്വീപിനും ലഹരി നൽകാൻ കേരളം; മദ്യം കയറ്റുമതി ചെയ്യാൻ തീരുമാനിച്ച് ബെവ്കോ
കോട്ടയം: കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയയ്ക്കാൻ ബവ്കോയുടെ തീരുമാനം. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് പ്രൊമോഷന് കൗണ്‍സിലിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് മദ്യം ദ്വീപിലെത്തിക്കുന്നത്. ഈ കയറ്റുമതി ബവ്കോയ്ക്ക് ഒരു അധികവരുമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരു തവണത്തേക്ക് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ ടൂറിസം മേഖലയുടെ ഉന്നമനത്തിനായി ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ വലിയതോതിൽ മദ്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനു കത്തെഴുതിയിരുന്നു. എക്സൈസ് കമ്മിഷണർ ഇതെപ്പറ്റി പഠിക്കുകയും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ മദ്യം നൽകാമെന്നു സമ്മതിക്കുകയും ചെയ്തു. നിലവിലെ അബ്കാരി നിയമമനുസരിച്ച് മദ്യം കയറ്റി അയ്ക്കാന്‍ പാടില്ല. എന്നാൽ നികുതി വകുപ്പിന്റെ പ്രത്യേക ഉത്തരവ് പുറത്തിറക്കിയാണ് അനുമതി നേടിയെടുത്തത്.