ഒമ്പത് മാസമായി ശമ്പളം ലഭിക്കുന്നില്ല; ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി

 ഒമ്പത് മാസമായി ശമ്പളം ലഭിക്കുന്നില്ല; ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി

കോഴിക്കോട്: ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കിയത് ശമ്പളം കിട്ടാത്തതിലുള്ള കടുത്ത മനപ്രയാസത്തെ തുടർന്നെന്ന് കുടുംബം. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി കെ.ശശികുമാറാണ്(56) കഴിഞ്ഞ ദിവസം വീടിന് പിന്നിൽ തൂങ്ങിമരിച്ചത്. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർകായ ശിവകുമാറിന് കഴിഞ്ഞ ഒൻപത് മാസമായി ശമ്പളം കിട്ടിയിരുന്നില്ല.

ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ നേരത്തെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഭാര്യ ലിജിയും മക്കളായ സായന്ത്, തീർത്ഥ എന്നിവരും എംഡിയെ കണ്ട് അഭ്യർത്ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയിൽ തിരിച്ചെടുത്തത്. എന്നാൽ ശമ്പളം ലഭിച്ചിരുന്നില്ല. ബോണസ് ഇനത്തിൽ ഒരു ലക്ഷം രൂപയോളവും ശശികുമാറിന് ലഭിക്കാനുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു.

ഇന്നലെ ശമ്പളം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ശശികുമാറിനെതിരെ ഒരു പരാതി ഇന്നലെ മേലുദ്യോഗസ്ഥർക്ക് ലഭിച്ചു. പ്രതീക്ഷിച്ച പോലെ ശമ്പളം ഇന്നലെ ശശികുമാറിന് ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് വീടിന് പുറകിൽ ശശികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തതിലുള്ള കടുത്ത മനപ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *