വ്യായാമം ചെയ്യാനുള്ള ഏറ്റവും നല്ല സമയം ഏതാണ്? രാവിലെയോ വൈകുന്നേരമോ? അറിയാം
വ്യായാമം ചെയ്യാനുള്ള ഏറ്റവും നല്ല സമയം ഏതാണ് എന്നതിനെ കുറിച്ച് പല ചർച്ചകളും അഭിപ്രായങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ രാവിലെയാണ് വ്യായാമത്തിന് ഏറ്റവും മികച്ചതെന്നും അതല്ല, വൈകീട്ടാണ് നല്ലതെന്നും പറയപ്പെടുന്നുണ്ട്.
രാവിലെ വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുമെന്ന് കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പുതിയ പഠനറിപ്പോർട്ടുകൾ പ്രകാരം വ്യായാമം ചെയ്യാനുള്ള മികച്ച സമയം ഉച്ചഭക്ഷണ സമയത്താണ് എന്നാണ് പറയുന്നത്.
രാവിലെയോ വൈകുന്നേരമോ ചെയ്യുന്ന വർക്ക്ഔട്ടുകളേക്കാൾ ഉച്ചഭക്ഷണ സമയത്ത് വ്യായാമം ചെയ്യുന്നത് അകാല മരണത്തിൽ സംരക്ഷിക്കുമെന്നും പറയുന്നു. ഗവേഷണ റിപ്പോർട്ട് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. യുകെ ബയോമെഡിക്കൽ ഡാറ്റാബേസിൽ നിന്നുള്ള 92,000 ആളുകളുടെ ആരോഗ്യവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്.
പഠനത്തിന്റെ ഭാഗമായി ഈ ആളുകളിൽ ആക്‌സിലറോമീറ്ററുകൾ നൽകി അവരുടെ ഏഴ് ദിവസത്തെ വ്യായാമതീവ്രത അളന്നു. ഉച്ചസമയത്ത് വ്യായാമം ചെയ്യുന്നവരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. മിതമായ രീതിയിൽ പോലും വ്യായാമം ചെയ്യുന്നവർ തീരെ വ്യായാമം ചെയ്യുന്നവരേക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുന്നതായും ഗവേഷണറിപ്പോർട്ടിൽ പറയുന്നു. ഉച്ചസമയത്ത് വ്യായമം ചെയ്യുന്നവരുടെ ആയുസും മറ്റുള്ളവരേക്കാൾ കൂടുതലാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.