പ്രതിസന്ധി മാറി ഹിൽസ മത്സ്യം ഇന്ത്യയിലേക്ക്; ​ദുർ​ഗ പൂജയ്ക്ക് ബം​ഗ്ലാദേശിൽ നിന്നും എത്തുക 3,000 ടൺ മത്സ്യം

 പ്രതിസന്ധി മാറി ഹിൽസ മത്സ്യം ഇന്ത്യയിലേക്ക്; ​ദുർ​ഗ പൂജയ്ക്ക് ബം​ഗ്ലാദേശിൽ നിന്നും എത്തുക 3,000 ടൺ മത്സ്യം

കൊൽക്കത്ത: ദുർഗ പൂജ സമയത്ത് ആവശ്യമായിവരുന്ന ഹിൽസ മത്സ്യം ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് സർക്കാർ അനുമതി നൽകി. 3000 ടൺ മത്സ്യംമാണ് കയറ്റിഅയയ്ക്കാൻ ബം​ഗ്ലദേശ് തീരുമാനിച്ചിരിക്കുന്നത്. ദുർഗ പൂജ സമയത്ത് ഇന്ത്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ഹിൽസ മത്സ്യം. ബംഗ്ലദേശിലെ സാധാരണക്കാർക്ക് കുറ‍ഞ്ഞ വിലയ്ക്ക് ഈ മത്സ്യം ലഭ്യമാകുന്നില്ലെന്ന കാരണത്താൽ ഹിൽസ മത്സ്യം ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഇന്ത്യയിലും ബംഗ്ലദേശിലും ഹിൽസ മത്സ്യത്തിന് ആവശ്യക്കാർ ഏറെയാണ്. ദുർഗ പൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആവിയിൽ വേവിച്ച ഹിൽസ. അതിനാൽ തന്നെ ഇക്കാലത്ത് ഇന്ത്യയിലേക്ക് വൻതോതിൽ മത്സ്യം കയറ്റി അയയ്ക്കുന്നതിന് അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന സമയത്ത് വലിയ പ്രധാന്യം നൽകിയിരുന്നു.

ബംഗ്ലദേശിന്റെ ദേശീയ മത്സ്യമാണ് ഹിൽസ. ലോകത്തിൽ ഏറ്റവും കൂടുതൽ ഹിൽസ മത്സ്യമുള്ളതും ബംഗ്ലദേശിലാണ്. ടീസ്റ്റ നദീ ജലക്കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് 2012ലും ഇന്ത്യയിലേക്ക് ഹിൽസ കയറ്റി അയയ്ക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *