പ്രതീക്ഷിച്ചത് പോലെ ആളില്ല; അയോദ്ധ്യയിലേക്കുള്ള വിമാനം റദ്ദാക്കി കമ്പനി

 പ്രതീക്ഷിച്ചത് പോലെ ആളില്ല; അയോദ്ധ്യയിലേക്കുള്ള വിമാനം റദ്ദാക്കി കമ്പനി

ഹൈദരാബാദ്: അയോദ്ധ്യയിലേക്കുള്ള വിമാനം റദ്ദാക്കി സ്‌പൈസ് ജെറ്റ്. പ്രതീക്ഷിച്ചത് പോലെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയതെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സര്‍വീസ് ആരംഭിച്ച് രണ്ട് മാസം തികയുമ്പോള്‍ ആണ് പുതിയ തീരുമാനം. ഒരു സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നതും അത് തുടരുന്നതും പിന്നീട് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതും യാത്രക്കാരുടെ എണ്ണം മാത്രം പരിഗണിച്ചാണ്.

സ്പൈസ് ജെറ്റിന്റെ എയര്‍ബസ് എ320 ആണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കമ്പനി തീരുമാനിച്ചത്. മേയ് മാസം 30ന് ആണ് അവസാനമായി ഹൈദരാബാദില്‍ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് സ്‌പൈസ് ജെറ്റ് വിമാന സര്‍വീസ് നടത്തിയത്.

ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിച്ച സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് ഉണ്ടായിരുന്നത്. രാവിലെ 10.45ന് ഹൈദരാബാജദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.45ന് അയോദ്ധ്യയില്‍ എത്തിച്ചേരുന്ന രീതിയിലായിരുന്നു വിമാന സര്‍വീസ്.

ഉച്ചയ്ക്ക് 1.42ന് അയോദ്ധ്യയില്‍ നിന്ന് പുറപ്പെട്ട് 3.25ന് ഹൈദരാബാദില്‍ തിരിച്ചെത്തുന്ന തരത്തിലായിരുന്നു സര്‍വീസ്.നിലവില്‍ ഹൈദരാബാദ് – അയോദ്ധ്യ വിമാന സര്‍വീസുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹി വഴിയുള്ള റൂട്ടുകളാണ് കാണിക്കുന്നത്. നേരത്തെ രണ്ട് മണിക്കൂര്‍ കൊണ്ട് എത്തിയിരുന്ന ദൂരം ഇപ്പോള്‍ ഏഴ് മണിക്കൂറോളമാണ് എടുക്കുന്നത്. 2023 ഡിസംബര്‍ 30ന് ആണ് അയോദ്ധ്യയിലെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *