അഞ്ചരലക്ഷത്തിന്റെ വിമാന ടിക്കറ്റ്; ഫ്ലൈറ്റിൽ വൃത്തിയില്ല; പക്ഷേ പ്രതീക്ഷിച്ചതൊന്നുമല്ല ലഭിച്ചത്; യുവാവിന്റെ പോസ്റ്റ് വൈറൽ
വിമാനയാത്ര എന്നാൽ വളരെ രാജകീയമായ യാത്ര എന്നാണല്ലോ പൊതുവെയുള്ള ധാരണ. എന്നാൽ വിമാനയാത്രയിലുണ്ടായ ദുരനുഭവങ്ങൾ പലരും സോഷ്യൽമീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. അടുത്തകാലത്ത് ചിക്കാഗോ-ഡൽഹി ഫ്ലൈറ്റിലെ 15 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രയെ കുറിച്ച് ഒരു ഇന്ത്യൻ- അമേരിക്കൻ സിഇഒ പോസ്റ്റിട്ടത് അതുപോലെ ചർച്ചയായി മാറിയിരുന്നു. നിങ്ങൾ എയർ ഇന്ത്യയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് അറിഞ്ഞിരിക്കുക എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.
താൻ അടുത്തിടെ ചിക്കാഗോയിൽ നിന്ന് ദില്ലിയിലേക്കുള്ള 15 മണിക്കൂർ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിൽ സഞ്ചരിച്ചു. ആ അനുഭവം ഒട്ടും മനോഹരമല്ല. എയർ ഇന്ത്യയെക്കുറിച്ച് മുമ്പ് ഞാൻ നെഗറ്റീവ് കാര്യങ്ങൾ ഒരുപാട് കേട്ടിരുന്നു. എന്നാൽ പുതിയ മാനേജ്‌മെൻ്റിൻ്റെ കീഴിൽ അതെല്ലാം മെച്ചപ്പെട്ടിരിക്കും എന്നാണ് താൻ കരുതിയിരുന്നത്. നിർഭാഗ്യവശാൽ, അങ്ങനെയായിരുന്നില്ല. Wi-Fi ഇല്ലായിരുന്നു, കൂടാതെ മുഴുവൻ ഫ്ലൈറ്റിലും വിമാനത്തിനുള്ളിൽ വിനോദത്തിന് ഒന്നും ഇല്ലായിരുന്നു. ഫസ്റ്റ് ക്ലാസ് മോശം അവസ്ഥയിലായിരുന്നു, വൃത്തിയുണ്ടായിരുന്നില്ല, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അഴുക്കും ക്യാബിനിൽ അവശേഷിച്ചിരുന്നു. എല്ലാം ജീർണിച്ചതോ തകർന്നതോ ആയിരുന്നു ഉണ്ടായിരുന്നത്. മൊത്തത്തിൽ വളരെ നിരാശാജനകമായ അനുഭവമായിരുന്നു. നിങ്ങൾ എയർ ഇന്ത്യയോടൊപ്പം യാത്ര ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.
ഒപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ വൃത്തിയില്ലാത്തതും സൗകര്യങ്ങളില്ലാത്തതും എല്ലാം അനിപ് പകർത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് അനിപ് പങ്കുവച്ച വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. CaPatel Investments സിഇഒ അനിപ് പട്ടേലാണ് എയർ ഇന്ത്യയിലെ യാത്രയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വൺവേ ഫസ്റ്റ് ക്ലാസ് ടിക്കറ്റിനായി 5.27 ലക്ഷം രൂപ താൻ ചെലവഴിച്ചു എന്നാണ് അനിപ് പട്ടേൽ പറയുന്നത്. ഭൂരിഭാഗം പേരും അനിപ് പറഞ്ഞതിനോട് യോജിക്കുകയാണ് ചെയ്തത്.