വടിവാൾ വീശി ബസ്സിനു മുന്നിൽ ഓട്ടോറിക്ഷയുടെ യാത്ര; കേസെടു‌ത്ത് പൊലീസ്

 വടിവാൾ വീശി ബസ്സിനു മുന്നിൽ ഓട്ടോറിക്ഷയുടെ യാത്ര; കേസെടു‌ത്ത് പൊലീസ്

മലപ്പുറം: വടിവാൾ വീശി ബസ്സിനു മുന്നിൽ ഓട്ടോറിക്ഷയുടെ യാത്ര. ദേശീയപാതയിൽ കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെയാണ് കേസെടുത്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ദേശിയ പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുൻപിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

പുള്ളിക്കലിൽ ആളെ ഇറക്കാൻ ബസ് നിർത്തിയപ്പോൾ ഓട്ടോ ബസ്സിനു പിന്നിലുണ്ടായിരുന്നു. പിന്നീട് മുന്നിലേക്ക് കയറിയ ഓട്ടോ ബസ്സിന്റെ വഴി തടസപ്പെടുത്തുകയായിരുന്നു. ബസ് ഡ്രൈവർ ഹോൺ അടിച്ചപ്പോൾ ഓട്ടോയിൽ നിന്ന് വടിവാൾ പുറത്തേക്കിട്ട് വിരട്ടാനും നോക്കി.

ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തലേക്കര മുതൽ കൊളത്തൂർ എയർപോർട്ട് റോഡ് ജംക്‌ഷൻ വരെ ഇതു തുടർന്നു. പിന്നീട് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിൽ എയ്ഡ് പോസ്റ്റിലെത്തി പൊലീസിൽ പരാതിപ്പെട്ടാണ് യാത്ര തുടർന്നത്. ഇന്നു പൊലീസിൽ വിശദമായ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *